About Us

Introduction

Riyadh Indian Islahi Center

സൗദി മതകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ ബത്ഹ കോൾ& ഗൈഡൻസ് സെന്ററിന് കീഴിൽ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക ദഅ്‌വ സംഘടനയാണ് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ.

നാല് പതിറ്റാണ്ടിന് മുകളിലായി പ്രവർത്തിക്കുന്ന ഇസ്ലാഹി സെന്ററിന് കീഴിൽ അഞ്ചു യൂണിറ്റുകൾ റിയാദിൽ പ്രവർത്തിക്കുന്നു. ബത്ഹ ആസ്ഥാനമായി പ്രധാന ഓഫീസും, ഓഡിറ്റോറിയവും, റിയാദ് സലഫി മദ്റസയും പ്രവർത്തിച്ചുവരുന്നു.

ആറോളം മദ്റസകൾ, പൂർണസമയ തഹ്ഫീളുൽ  ഖുർആൻ കോഴ്സ്,  മതപഠന ക്ലാസുകൾ, തസ്കിയ്യത്ത് ക്യാമ്പുകൾ, വനിതാ ക്ലാസുകൾ, പൊതു പ്രഭാഷണങ്ങൾ, ഹജ്ജ് ഉംറ യാത്രകൾ, നിച്ച് ഓഫ് ട്രൂത്ത് വിംഗ്, സാന്ത്വനം കാരുണ്യ പദ്ധതി എന്നിങ്ങനെ പതിനായിരക്കണക്കിന് ആളുകളിലേക്ക് ഇസ്‌ലാമിക സന്ദേശം   എത്തിക്കുന്നതിന് ഉതകുന്ന പ്രവർത്തന മേഖലകൾക്ക് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ നേതൃത്വം കൊടുക്കുന്നു.

സൗദി അറേബ്യ മുഴുവൻ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിനെ അടയാളപ്പെടുത്തുന്ന ബൃഹത്തായ ഖുർആൻ   പഠന പദ്ധതിയാണ് ലേൺ ദി ഖുർആൻ. സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലായി മുപ്പതോളം കേന്ദ്രങ്ങളിൽ പഠന ക്ലാസുകളും, വർഷാവസാനം  പൊതുപരീക്ഷയും  നടക്കുന്ന പഠന പദ്ധതി. ഇന്ന് ഓൺലൈൻ സംവിധാനത്തോടെ ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഖുർആൻ പാഠ്യ പദ്ധതിയായി ലേൺ ദി ഖുർആൻ മാറിയിരിക്കുന്നു.

ഖുർആനും, ഹദീസും , സച്ചരിതരുടെ പാതയും പ്രവാസികൾക്കിടയിൽ യഥാർത്ഥ രൂപത്തിൽ മനസ്സിലാക്കുവാനും, ഇസ്ലാമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്  പ്രവർത്തിക്കുവാൻ പ്രവാസികളെ പ്രാപ്തരാക്കുവാനും റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ അനുസ്യൂതം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ.

സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും ഖുർആനും മുഹമ്മദ് നബിയുടെ ജീവിതചര്യകളും വരച്ചു കാണിക്കുന്ന നന്മകൾ പിന്തുടരുകയും തിന്മകൾ വെടിയുകയും ചെയ്ത് സമൂഹത്തിന് മാതൃകയാവുകയും മതവിശ്വാസികൾക്കിടയിൽ സൗഹൃദമുണ്ടാക്കുന്നതിനും സമുദായ പുരോഗതിക്കും വേണ്ടിയുള്ള  പരിശ്രമങ്ങളിൽ മുന്നിൽ നടക്കുകയും  ചെയ്യുന്നവരെ വാർത്തെടുക്കുന്നതിന് വേണ്ടിയുള്ള കേരള നദ്‌വത്തുൽ മുജാഹിദീനിന്റെ ഉദ്യമങ്ങൾക്ക്  പിന്തുണ നൽകുകയും അതിന്ന് ഉപോൽബലകമായ പ്രവർത്തനങ്ങൾ പ്രവാസീസമൂഹത്തിൽ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ട് ഉത്തമസമുദായത്തിന്റെ സൃഷ്ടിക്ക് വേണ്ടി പരിശ്രമിക്കുക.

വിശുദ്ധ ഖുർആനും തിരു സുന്നത്തും പ്രചരിപ്പിക്കുന്നതിന് വേണ്ടി അനുവദനീയമായ എല്ലാ മാർഗ്ഗങ്ങളിലൂടെയും പരിശ്രമിക്കുക, അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിയയുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക, കുട്ടികളെയും കൗമാരക്കാരെയും യുവാക്കളെയും മത-ധാർമ്മിക ബോധമുള്ളവരാക്കിത്തീർക്കുന്നതിനുവേണ്ടിയുള്ള ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസപദ്ധതികൾ നടപ്പാക്കുക, സ്ത്രീകളുടെ ശാക്തീകരണത്തിനും വിമോചനത്തിനുമായി ഇസ്‌ലാം മുന്നോട്ടുവെച്ച ആശയങ്ങളെ പ്രയോഗവൽക്കരിച്ചുകൊണ്ട് അവർക്ക് നീതി ലഭിക്കുന്ന സാമൂഹ്യസംവിധാനം സൃഷ്ടിക്കുക,  ബഹുസ്വരതയുടെ നൂലിഴകൾക്ക് ഭംഗം വരുത്തുന്ന തരത്തിലുള്ള വർഗ്ഗീയ- വിദ്വംസക പ്രവർത്തങ്ങൾക്കെതിരെയുള്ള കൂട്ടയ്മകൾ രൂപീകരിക്കുക, സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാസ്കാരികവുമായ പുരോഗതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിലേർപ്പെടുക എന്നിവയിലൂടെ ഖുർആൻ മുന്നോട്ട് വെക്കുന്ന ഉത്തമ സമുദായത്തിന്റെ രൂപീകരണത്തിനായി പ്രവാസി സമൂഹത്തിൽ പണിയെടുക്കുക.

തൗഹീദില്‍ അധിഷ്ഠിതമായ പ്രബോധന പ്രവര്‍ത്തനത്തിലൂടെ പ്രപഞ്ച സ്രഷ്ടാവിന്റെ അസ്ഥിത്വം, ഏകത്വം, ആരാധ്യത തുടങ്ങിയ ഇസ്ലാമിന്റെ മൗലിക വിശ്വാസങ്ങൾ ഹൃദയം കൊണ്ടംഗീകരിക്കുകയും, പ്രഖ്യാപിക്കുകയും, വിശുദ്ധ ഖുര്‍ആനും  മുഹമ്മദ്‌ നബി(സ്വ)യുടെ സുന്നത്തും അടിസ്ഥാന പ്രമാണങ്ങളായി ഉള്‍ക്കൊണ്ട്,  വിശ്വാസ-കര്‍മ്മ-സ്വഭാവ രംഗങ്ങള്‍ ചിട്ടപ്പെടുത്തുകയും ചെയ്യുന്ന ഒരു മുസ്ലിം പ്രവാസി സമൂഹത്തെ രൂപപ്പെടുത്തുക..