Niche Of Truth

BOOK A TIME
Ask Now
COME TO MEET US
Ask Now
Previous
Next
WHAT WE PROVIDE

Niche Of Truth

ലോകത്തിനൊരു സ്രഷ്ടാവുണ്ട് – ജീവന്‍ നല്‍കി വായുവും വെള്ളവും സൗകര്യപ്പെടുത്തി ഭൂമിയെ ജീവിതയോഗ്യമാക്കിയ പരമകാരുണികനായ സ്രഷ്ടാവ്. നാം ഇവിടെ എങ്ങനെ ജീവിക്കണമെന്നും ഈ ജീവിതത്തിന്‍റെ പരമലക്ഷ്യം എന്തെന്നും ദൂതന്മാര്‍ മുഖേന സ്രഷ്ടാവ് നമ്മെ പഠിപ്പിച്ചു. നമ്മുടെ ജീവിതത്തിന്‍റെ കണക്ക് മരണശേഷം നാം സ്രാഷ്ടാവിന്‍റെ മുമ്പിൽ ബോധിപ്പിക്കേണ്ടിവരും. അന്ന് പുണ്യം ചെയ്തവന് നന്മയും പാപം ചെയ്തവന് തിന്മയും പ്രതിഫലം കിട്ടും. അതിനാല്‍ സ്രഷ്ടാവ് തന്‍റെ ദൂതരിലൂടെ നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് ജീവിക്കുകയാണ്മനുഷ്യന്‍റെ രക്ഷാമാര്‍ഗം.
നമുക്ക് ലോകസൃഷ്ടാവ്‌ നല്‍കിയ നിര്‍ദേശ സംഹിതയാണ് ഖുര്‍ആന്‍. മുഹമ്മദ്‌ നബിയിലൂടെ അവന്‍ ആ സന്ദേശം മനുഷ്യര്‍ക്കെത്തിച്ചുകൊടുത്തു. ഇതരിഞ്ഞവരും അറിയാത്തവരും നമുക്കിടയില്‍ ഉണ്ട്. ലോകരെ മുഴുവൻ സ്രാഷ്ടാവിന്‍റെ സന്ദേശമറിയിക്കല്‍ അതരിഞ്ഞവരുടെ ബാധ്യതയാണ്. അതിനായി രൂപീകൃതമായ ഒരു പ്രസ്ഥാനമാണ് ‘നിച്ച് ഓഫ് ട്രുത്ത്’.

ആ മഹത്തായ സംരംഭത്തിന്റെ പ്രചാരണത്തിനും പ്രബോധന പ്രവർത്തനങ്ങളിൽ സാധ്യമായാതെല്ലാം ചെയ്യുന്നതിനും വേണ്ടിയാണു റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിനു കീഴിൽ Niche Of Truth ഘടകം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ പ്രവര്‍ത്തനങ്ങള്‍

1. നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ സ്നേഹസംവാദങ്ങൾ

ഇസ്ലാമിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ നീക്കുവാനുതകുന്ന തരത്തില്‍ അതോടൊപ്പം ഇസ്ലാമിനെ ശരിയായ രീതിയില്‍ അവതരിപ്പിക്കുന്ന രീതിയിലുള്ള തുറന്ന ചോദ്യോത്തര സെക്ഷനോട്‌ കൂടിയ പൊതുപരിപാടികള്‍ നിച്ച്‌ ഓഫ്‌ ട്രൂത്തിനു കീഴില്‍ നിരന്തരമായി സംഘടിപ്പിച്ചു വരുന്നു. ഇന്ത്യയിലങ്ങോളമിങ്ങോളവും ഗള്‍ഫ്‌നാടുകളിലുമായി ആയിരക്കണക്കിന്‌ ഇത്തരം പരിപാടികള്‍ നിച്ചിനു കീഴില്‍ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്‌. ഏകദേശം അയ്യായിരം മുതല്‍ ഇരുപതിനായിരം വരെ ആളുകള്‍ ഓരോ പരിപാടിയിലും പങ്കെടുക്കുന്നു. ഇതില്‍ തന്നെ 20 ശതമാനത്തോളം അമുസ്ലിംകളാണ്‌ പങ്കെടുക്കുന്നത്‌.

2. ഇതര മതപണ്ഡിതന്‍മാരുമായും യുക്തിവാദികളുമായുമുള്ള വാദപ്രതിവാദങ്ങള്‍:

ഇസ്ലാമികാദ്ധ്യാപനങ്ങളുടെ ശ്രേഷ്‌ഠതയും സത്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടൊപ്പം,ബുദ്ധിപര മായും, യുക്തിപരമായും ശാസ്‌ത്രീയമായും ഇസ്ലാംമതവിശ്വാസം മാത്രമാണ്‌ സത്യം എന്ന്‌ തെളിയിക്കാനും കഴിയുന്ന തരത്തില്‍ ഇതര മതവിശ്വാസ പണ്ഡിതന്‍മാരുമായും, യുക്തിവാദികളുമായുമുള്ള വാദപ്രതിവാദങ്ങള്‍ നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ പതിവായി സംഘടിപ്പിക്കാറുണ്ട്‌. കഴിഞ്ഞ കാലങ്ങളിലായി ഏകദേശം 20 ഓളം ഇത്തരത്തിലുള്ള ഡിബേറ്റുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. പതിനായിരം മുതല്‍ ഇരുപതിനായിരത്തോളം ആളുകള്‍ സംബന്ധിക്കുന്ന ഓരോ ഡിബേറ്റുകളിലും 25 ശതമാനം അമുസ്ലിംകളാണ്‌ പങ്കെടുക്കാറ്‌.

3. അമുസ്ലിംകള്‍ക്കായുള്ള സൗജന്യ ഇസ്ലാമിക കറസ്‌പോണ്ടന്‍സ്‌ കോഴ്‌സ്‌:

സത്യമതത്തെക്കുറിച്ച്‌ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കായി നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ സൗജന്യ ഇസ്ലാമിക്‌ കറസ്‌പോണ്ടന്‍സ്‌ കോഴ്‌സ്‌ സംഘടിപ്പിക്കുന്നു. പൂര്‍ണ്ണമായും അമുസ്ലിംകള്‍ക്കായി നടത്തുന്ന ഈ പഠനപദ്ധതിയിലൂടെ ഇസ്ലമികാദ്ധ്യാപനങ്ങളെക്കുറിച്ചും ഇസ്ലാം തത്ത്വങ്ങളെക്കുറിച്ചുമുള്ള യുക്തമായ അറിവ്‌ ലഭിക്കാന്‍ സഹായകമാവുന്നു. ഒരു വര്‍ഷമാണ്‌ ഈ പഠനപദ്ധതിയുടെ കാലയളവ്‌. ഓരോ വര്‍ഷവും ആയിരത്തിലധികമാളുകള്‍ക്ക്‌ ഇസ്ലാമിനെക്കുറിച്ച്‌ വ്യാപകമായ രീതിയില്‍ പഠിക്കാന്‍ ഈ പഠനപദ്ധതിയിലൂടെ സാധിക്കുന്നുണ്ട്‌.

4. അമുസ്ലിംകള്‍ക്ക്‌ ഇസ്ലാമിനെ പരിചയപ്പെടുത്താനും സംശയനിവാരണത്തിനും സഹായിക്കുന്ന പുസ്‌തകങ്ങളും ലഘുലേഘകളും.

സത്യമത പ്രബോധനത്തിന്റെ തുടര്‍പ്രചരണ ഭാഗമായി ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പുസ്‌തകങ്ങളും ലഘുലേഖകളും നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ സൗജന്യമായി വിതരണം നടത്തുന്നു. ഇസ്ലാമിനെക്കുറിച്ചറിയാനും പഠിക്കാനും ഞങ്ങളുടെ പുസ്‌തകങ്ങളിലൂടെയും ലഘുലേഖകളിലൂടെയും ഒരുപാടാളുകള്‍ താല്‍പര്യം കാണിക്കുന്നു. നിച്ചിന്റെ പ്രസിദ്ധീകരണങ്ങള്‍ മലയാളത്തിലും ഇംഗ്ലിഷിലും ലഭ്യമാണ്‌. തമിഴ്‌, തെലുങ്ക്‌, കന്നട തുടങ്ങി അനേകം ഇതര ഭാഷകളിലേക്കും അവിടങ്ങളിലെ പ്രബോധന കൂട്ടായ്‌മകള്‍ നിച്ചിന്റെ പ്രസിദ്ധീകരണങ്ങള്‍ തര്‍ജ്ജമ ചെയ്‌തിട്ടുണ്ട്‌.

5. ഇസ്ലാമിക്‌ ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്കായി ‘ക്രിയേറ്റീവ്‌ മീഡിയ’.

ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഡോക്യുമെന്ററികള്‍, പ്രഭാഷണ സി.ഡി.കള്‍ തുടങ്ങിയവ തയ്യാറാക്കുന്ന നിച്ചിന്റെ മറ്റൊരു സംരംഭമാണ്‌ ‘ക്രിയേറ്റീവ്‌ മീഡിയ’. ഇസ്ലാമിനെ ശാസ്‌ത്രീയമായി പരിചയപ്പെടുത്തുന്നതും, ഇസ്ലാമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക്‌ യുക്താനുസൃതമായി മറുപടി നല്‍കുന്നതുമായ ഒട്ടനേകം വീഡിയോ ഡോക്യുമെന്ററികള്‍ ഈ സംരംഭത്തിന്‌ കീഴില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

6. പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക്‌ മാത്രമായി ‘സ്‌നേഹസംവാദം’ മാസിക, ഇപ്പോൾ വെബ്‌സിൻ

യുക്തിവാദികളും, മറ്റു മതവിശ്വാസ പ്രചാരകരും ഒന്നിച്ചു ചേര്‍ന്ന്‌ ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ കയ്യില്‍ കിട്ടുന്ന സര്‍വ്വ മാധ്യമസാധ്യതകളെയും ഉപയോഗപ്പെടുത്തുന്ന അവസരത്തിലാണ്‌ ഇതിനെതിരെ മറുപടി നല്‍കാന്‍ ദഅ്‌വത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന ഒരു ആനുകാലികം നമുക്കാവശ്യമായി വന്നത്‌. ഈ രംഗത്താണ്‌ ‘സ്‌നേഹസംവാദം’ മാസികയെന്ന സംരംഭം നിച്ച്‌ ആരംഭിച്ചത്‌. ഈ രംഗത്തുള്ള മലയാളത്തിലെ ആദ്യത്തെ ആനുകാലികമാണത്. സത്യം തുറന്നു പറയുക എന്നതാണ്‌ സ്‌നേഹസംവാദം മാസികയുടെ മുഖമുദ്ര. ഇസ്ലാമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക്‌ സമയാസമയങ്ങളില്‍ സ്‌നേഹസംവാദത്തിലൂടെ കൃത്യമായ മറുപടി നല്‍കുന്നതോടൊപ്പം ഫലപ്രദമായ ദഅ്‌വത്ത്‌ എങ്ങിനെ നടത്താമെന്ന്‌ മുസ്ലിം യുവാക്കളെ പഠിപ്പിക്കുന്ന വിജ്ഞാനപ്രദമായ ലേഖനങ്ങളും സ്‌നേഹസംവാദം കൈകാര്യം ചെയ്യുന്നു. ഇത് സോഷ്യൽ മീഡിയ യുഗമായതിനാൽ സ്നേഹസംവാദം മാസിക ഇപ്പോൾ പ്രിന്റ് രൂപത്തിലല്ല പ്രസിദ്ധീകരിക്കുന്നത്, വെബ്‌സീൻ ആയാണ്. മലയാളത്തിൽ ആദ്യമായി ആരംഭിച്ച വെബ്‌സിൻ സ്നേഹസംവാദത്തിന്റേതാണ്. ഇന്റർനെറ്റിലൂടെ ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും വിമര്ശങ്ങള്ക്ക് മറുപടി പറയുകയും ചെയ്യുന്ന സ്നേഹസംവാദം ദഅവാ രംഗത്തുള്ള എല്ലാവര്ക്കും വലിയ ഒരു റഫറൻസാണ്, ജമാഅത്തുകാർക്കടക്കം.

7. പ്രബോധകര്‍ക്കായുള്ള റഫറന്‍സ്‌ ലൈബ്രറി

ഇസ്‌ലായമികപ്രബോധനം എളുപ്പമാക്കുവാനും , മതതാരതമ്യപഠനത്തിന് സഹായിക്കുന്നതിനും ഗവേഷണത്തിനുമായി കൊച്ചിയിലുള്ള നിച്ച്‌ ഓഫ്‌ ട്രൂത്തിന്റെ ആസ്ഥാനത്ത്‌ ഒരു റഫറന്‍സ്‌ ലൈബ്രറി പ്രവര്‍ത്തിച്ച്‌ വരുന്നു.

8. ഗ്രാമപ്രദേശങ്ങളില്‍ ഇസ്ലാമിന്റെ സന്ദേശം എത്തിക്കാന്‍ മൊബൈല്‍ ദഅ്‌വാ വിഭാഗം.

കേരളത്തിന്റെ എല്ലാ മുക്കുമൂലകളിലും ഇസ്ലാമിന്റെ സന്ദേശം എത്തിക്കുവാനായി നിച്ചിന്റെ കീഴില്‍ മൊബൈല്‍ ദഅ്‌വാ യൂണിറ്റ്‌ പ്രവര്‍ത്തിച്ചിരുന്നു. സൗകര്യപ്രദമായ ഒരു വാന്‍, വീഡിയോ പ്രൊജക്‌ടര്‍, സൗണ്ട്‌ സിസ്റ്റം, ജനറേറ്റര്‍ എന്നിവ അടങ്ങിയതാണ്‌ പ്രസ്‌തുത മൊബൈല്‍ ദഅ്‌വാ യൂണിറ്റ്‌. ഇസ്ലാമിനെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം, പുസ്‌തകങ്ങളുടെയും ലഘുലേഖകളുടെയും വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ്‌ ഈ യൂണിറ്റിന്‌ കീഴില്‍ നടന്നുവന്നിരുന്നത്‌. ദിവസേന ഏറ്റവും ചുരുങ്ങിയത്‌ 3 പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ നടത്തുന്ന പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത സാധാരണക്കാരായ ഗ്രാമപ്രദേശത്തുകാര്‍ക്ക്‌ ഇസ്ലാമിന്റെ സത്യസന്ദേശമെത്തിക്കാന്‍ മൊബൈല്‍ ദഅ്‌വാ യൂണിറ്റിന്റെ പ്രവര്‍ത്തനം കൊണ്ട്‌ സാധ്യമായിരുന്നു. നിച്ചിന്റെ ദഅ്‌വാ പ്രവര്‍ത്തനം നടക്കാത്ത ദിവസമോ പ്രദേശമോ കേരളത്തില്‍ ഇല്ല എന്ന അവസ്ഥയിലേക്ക്‌ എത്തിക്കാന്‍ മൊബൈല്‍ ദഅ്‌വാ യൂണിറ്റിന്റെ പ്രവര്‍ത്ത്‌നം കൊണ്ട്‌ സാധ്യമായിട്ടുണ്ട്‌. ഇപ്പോൾ, കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി പുതിയ സാഹചര്യങ്ങളിൽ മൊബൈൽ ദഅവാ യൂണിറ്റിന്റെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.

9. ഇസ്ലാമിനെ സത്യസന്ധമായി അവതരിപ്പിക്കുന്ന ഇന്റര്‍നെറ്റ്‌ സൈറ്റുകള്‍, യൂട്യൂബ് ചാനെൽ, ഫേസ്ബുക് അക്കൗണ്ട്:

ഇസ്ലാമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി നല്‍കുകയും, ഇസ്ലാമിനെ നേര്‍രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന വിവിധ ഇന്റര്‍നെറ്റ്‌ സൈറ്റുകള്‍ നിച്ചിനുണ്ട്‌. നിച്ചിന്റെ വെബ്‌ സൈറ്റുകള്‍ : www.nicheoftruthonline.com, www.snehasamvadam.org, കേരളത്തിൽ ഇസ്ലാമികപ്രബോധനം നടത്തുന്ന സമസ്തക്കാർ അടക്കമുള്ളവരുടെ പ്രധാനപ്പെട്ട ഒരു റിസോർസ് ആണ് ഇവയെല്ലാം തന്നെ. പ്രബോധനത്തിലടക്കം അതിൽ വരുന്ന ലേഖനങ്ങൾ എടുത്തുകൊടുക്കാറുണ്ട്.

10. ക്വുര്‍ആന്‍ പരിഭാഷ സൗജന്യ വിതരണം.

നിച്ച്‌ അതിന്റെ സത്യമത സന്ദേശത്തിന്റെ പ്രചരണ ഭാഗമായി മുസ്ലിംകള്‍ക്കിടയില്‍ വിശുദ്ധക്വുര്‍ആന്‍ പരിഭാഷ അതിന്റെ അച്ചടിവിലക്കും, പഠിക്കാനാഗ്രഹിക്കുന്ന അമുസ്ലിംകള്‍ക്ക്‌ സൗജന്യമായും വിതരണം ചെയ്‌തുവരുന്നു.

11. ദഅ്‌വാ പരിശീലന വര്‍ക്ക്‌ഷോപ്പ്‌.

ഇസ്ലാമിക പ്രചാരണം ഓരോ മുസ്ലിമിന്റെയും കര്‍ത്തവ്യവും ബാധ്യതയുമാണെന്ന്‌ അവരെ ബോധവാന്‍മാരാക്കുവാനും, എങ്ങിനെയാണ്‌ ദഅ്‌വത്ത്‌ നടത്തേണ്ടതെന്ന പരിശീലനം നല്‍കാനും നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ പതിവായി പ്രബോധന പരിശീലന വര്‍ക്ക്‌ ഷോപ്പ്‌ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നു. ഇത്തരത്തിലുള്ള വര്‍ക്ക്‌ഷോപ്പുകള്‍ സാധാരണയായി വേനലവധിക്കാലത്താണ്‌ സംഘടിപ്പിക്കാറ്‌. ഈ കോഴ്‌സില്‍ പങ്കെടുക്കാനുള്ള അപേക്ഷകരില്‍നിന്ന്‌ നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ നടത്തുന്ന ഒരു പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞടുത്ത ആളുകള്‍ക്ക്‌ മാത്രമാണ്‌ 10 ദിവസം നീണ്ടുനില്‍ക്കുന്ന വര്‍ക്ക്‌ഷോപ്പ്‌ നടത്താറ്‌. ഞാൻ ദഅവാ വർക്ഷോപ്പിൽ പങ്കെടുത്തതയാളാണ്. മാഷാ അല്ലാഹ്, അത് വല്ലാത്തോരു അനുഭവമാണ്. ദഅവത്തിന് അത് നൽകിയ ഊർജ്ജം പറഞ്ഞറിയിക്കാനാവില്ല. പങ്കെടുക്കുന്ന പഠിതാക്കളെ ഫലപ്രദമായ പ്രബോധകരായും ഒരു നല്ല ഇസ്ലാമിക പ്രഭാഷകരായും ഉയര്‍ത്തിക്കൊണ്ട്‌ വരിക എന്ന ലക്ഷ്യമാണ്‌ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഈ വര്‍ക്ക്‌ഷോപ്പിലൂടെ നിച്ച് ഓഫ് ട്രൂത് ലക്ഷ്യമാക്കുന്നത്‌. മസ്‌തഫാ തൻവീർ, സുബൈർ പീടിയേക്കൽ, ശരീഫ് മേലേതിൽ തുടങ്ങി ദഅവാ രംഗത്ത് മുന്നിൽ നിൽക്കുന്ന നിരവധി പേരെ വാർത്തെടുത്തത് ഇത്തരം വർക്ക് ഷോപ്പുകളാണ്. വര്‍ക്ക്‌ഷോപ്പുകളിലൂടെ പരിശീലനം ലഭിച്ച നൂറുക്കണക്കിന് പ്രബോധകരുണ്ട്. അവർ അവരുടെ മേഖലകളിൽ നിശ്ശബ്ദമായ പ്രബോധനപ്രവർത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട്

12. വീടുകള്‍തോറും കയറിയുള്ള ദഅ്‌വാസ്‌ക്വാഡ്‌ പ്രവര്‍ത്തനങ്ങള്‍.

ഒഴിവു ദിവസങ്ങളില്‍ നിച്ച്‌ ഓഫ്‌ ട്രൂത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള വോളണ്ടിയര്‍മാര്‍ ഒത്തുചേര്‍ന്ന്‌കൊണ്ട്‌ സംഘടിത പ്രബോധനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. വൈകുന്നേരങ്ങളില്‍ ഇവര്‍ക്ക്‌ ഇസ്ലാമിക ദഅ്‌വത്ത്‌ നടത്താനുള്ള മൗലിക തത്ത്വങ്ങളെ കുറിച്ചുള്ള ക്ലാസുകളും പ്രഭാഷണങ്ങളും ലഭിക്കുന്നു. പകല്‍സമയങ്ങളില്‍ ഇവര്‍ ഓരോ വീടുകളിലും കയറിയിറങ്ങി ഇസ്ലാമിന്റെ തനതായ സന്ദേശം എത്തിച്ചു കൊടുക്കുന്നു. ഇത്തരം സംഘടിത സ്‌കോഡ്‌ പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌കൊണ്ട്‌ നമ്മുടെ പ്രവര്‍ത്തകര്‍ അവരവരുടെ സ്ഥലങ്ങളില്‍ വ്യക്തിപരമായ സ്‌കോഡ്‌ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നു. അങ്ങാടികളിലും പാർക്കുകളിലും സ്ട്രീറ്റ് ദഅവ എന്ന പേരിൽ നേർക്കുനേരെയുള്ള പ്രബോധനപ്രവർത്തങ്ങളിൽ ഏർപ്പെടുന്നു.

റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ യൂണിറ്റ് നടത്തുന്ന പ്രവർത്തനങ്ങൾ
  • Weekend Dawa Classes
  • Dawa Corner
  • Squad Work
  • WhatsApp Broadcasting

To know more about Niche of Truth, please visit our website.

1 Step 1
Ask your Question Now
reCaptcha v3
keyboard_arrow_leftPrevious
Nextkeyboard_arrow_right
FormCraft – WordPress form builder

Frequently Asked Questions

സൃഷ്ടിയാണ് സ്രഷ്ടാവിനുള്ള ഒന്നാമത്തെ തെളിവ്. പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെല്ലാം അവയ്ക്കു പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. യാദൃച്ഛികമായി അവയൊന്നും ഉണ്ടാവുകയില്ലെന്ന് വ്യക്തം. സൃഷ്ടികള്‍ സ്രഷ്ടാവിന്റെ അസ്തിത്വവും വൈഭവവും വെളിപ്പെടുത്തുന്നുവെന്നതാണ് വസ്തുത. ജീവന്‍ നിലനില്‍ക്കുന്ന ഒരേയൊരു പ്രദേശമായ ഭൂമിയിലെ അനുകൂലനങ്ങളെക്കുറിച്ചുമാത്രം പഠിച്ചാല്‍മതി. പ്രപഞ്ചസൃഷ്ടിയിലെ ആസൂത്രണം എത്രമാത്രം സൂക്ഷ്മവും കൃത്യവുമാണെന്ന് മനസ്സിലാക്കുവാന്‍. നാലുകാര്യങ്ങളെങ്കിലും പൂര്‍ണമായുണ്ടാവുമ്പോള്‍ മാത്രമാണ് ഒരു പ്രപഞ്ചപ്രദേശത്തില്‍ ജീവന്‍ നിലനില്‍ക്കുക. ആവശ്യമായ താപം, ലഭ്യമായ ജലം, കൃത്യമായ വാതകമിശ്രിതം, നിലനില്‍ക്കാനാവുന്ന അന്തരീക്ഷം എന്നിവയാണവ. ജീവന്‍ നിലനിര്‍ത്തുന്ന രീതിയില്‍ ഇവ നാലും ഒത്തുവരുന്നത് ഭൂമിയില്‍ മാത്രമാണ്. ജീവനുവേണ്ടി ഭൂമിയെ പ്രത്യേകം സജ്ജമാക്കിയതാണെന്നര്‍ത്ഥം.

സൂര്യനില്‍നിന്ന് ഭൂമിയിലേക്കുള്ള 1496 ലക്ഷം കിലോമീറ്റര്‍ ദൂരം, ഭൂമിയില്‍ മാത്രം നിലനില്‍ക്കുന്ന ഹരിതഗേഹ പ്രഭാവം (Green house effect)എന്നിവയാണ് ഭൂമിയുടെ താപം -500 സെല്‍ഷ്യസിനും +500 സെല്‍ഷ്യസിനുമിടയില്‍ നിലനിര്‍ത്തുന്നത്. ജീവന്‍ നിലനില്‍ക്കാനാവശ്യമായ താപനിലയുള്ള പ്രദേശത്തെയാണ് ഗോള്‍ഡിലോക്‌സ് സ്ഥലം (goldilocks zone) അഥവാ വാസയോഗ്യസ്ഥലം (habitable zone) എന്നുപറയുന്നത്. ആവശ്യമായ കാര്‍ബണ്‍-നീരാവി സാന്നിധ്യമുള്ള അന്തരീക്ഷമുള്ളതുകൊണ്ടാണ് ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നത്. പ്രസ്തുത സാന്നിധ്യത്തിന് നക്ഷത്രത്തില്‍നിന്ന് ഗ്രഹത്തിലേക്കുള്ള ദൂരം കൃത്യമാവുകയും ഒപ്പം തന്നെ അത് നിലനില്‍ക്കാനാവശ്യമായ ഗ്രഹസാഹചര്യമുണ്ടാവുകയും വേണം. ഭൂമിയും സൂര്യനും തമ്മില്‍ നിലനില്‍ക്കുന്ന ദൂരം കുറയുകയോ കൂടുകയോ ചെയ്താല്‍ ഇവിടെ ജീവനുണ്ടാവുകയില്ല. ഹരിതഗേഹപ്രഭാവമില്ലെങ്കില്‍ ജീവന്‍ നിലനില്‍ക്കുകയുമില്ല. ഭൂമിയിലെ ഹരിതഗേഹപ്രഭാവം നിലനിര്‍ത്തുന്നത് സസ്യങ്ങളാണ്. പ്രകാശസംശ്ലേഷണസമയത്ത് ഓക്‌സിജനും നീരാവിയും

പുറത്തുവിടുന്നതുകൊണ്ടാണ് ഈ പ്രതിഭാസം നിലനില്‍ക്കുന്നത്. ആവശ്യമായ കാര്‍ബണ്‍-ജല അനുപാതം നിലനിന്നിട്ടില്ലെങ്കില്‍ ഭൂമി -73 ഡിഗ്രിയിലുള്ള തണുത്തുറച്ച ഗ്രഹമാകുമായിരുന്നു. ഈ അനുപാതം നിലനിര്‍ത്തുന്നത് സസ്യങ്ങളാണ്. സസ്യങ്ങള്‍ക്ക് നിലനില്‍ക്കാനാവശ്യമായ കാര്‍ബണ്‍ ഡയോക്‌സൈഡ് നിര്‍മിക്കുന്നത് ജന്തു പ്രവര്‍ത്തനങ്ങളാണ്. ഭൂമിയില്ലെങ്കില്‍ സസ്യങ്ങളില്ല! സസ്യങ്ങളില്ലെങ്കില്‍ ഭൂമിയില്ല! ജന്തുക്കളില്ലെങ്കില്‍ സസ്യങ്ങളില്ല! സസ്യങ്ങളും ഭൂമിയുമില്ലെങ്കില്‍ ജന്തുക്കളുമില്ല! എന്തൊരു പാരസ്പര്യം! ഈ പാരസ്പര്യം യാദൃച്ഛികമാവുമോ?

ജീവന്‍ നിലനില്‍ക്കണമെങ്കില്‍ ജലസാന്നിധ്യമുണ്ടാകണം. ഭൂമിയിലെ ജലസാന്നിധ്യം സ്ഥിരമാക്കുന്നതില്‍ ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും പങ്കുണ്ട്. ഭൗമാന്തരീക്ഷത്തില്‍ 78 ശതമാനം നൈട്രജനും 21 ശതമാനം ഒക്‌സിജനും 0.03 ശതമാനം കാര്‍ബണ്‍ഡയോക്‌സൈഡുമാണുള്ളത്. ഈ അനുപാതം നിലനിന്നാലേ ജീവനുണ്ടാവൂ. അത് നിലനിര്‍ത്തുന്നതില്‍ സസ്യങ്ങള്‍ക്കും ജീവികള്‍ക്കും പങ്കുണ്ട്. ജീവനും അതുനിലനില്‍ക്കുവാനുള്ള സംവിധാനങ്ങളുമെല്ലാം കൃത്യവും സൂക്ഷ്മവുമായി സംരക്ഷിക്കപ്പെടണമെങ്കില്‍ അതിനാവശ്യമായ അന്തരീക്ഷമുണ്ടാവണം. എണ്‍പതു മുതല്‍ നൂറു വരെ കിലോമീറ്റര്‍ കനത്തില്‍ ഭൂമിയെ ആവരണം ചെയ്യുന്ന വാതകങ്ങളുടെ മതിലാണ് അന്തരീക്ഷം. അപകടകരമായ പ്രപഞ്ചരശ്മികളില്‍ നിന്നും വസ്തുക്കളില്‍ നിന്നും ഭൂമിയെ രക്ഷപെടുത്താന്‍ കഴിയുന്ന അന്തരീക്ഷമുള്ളതുകൊണ്ടാണ് ഇവിടെ ജീവന്‍ നിലനില്‍ക്കുന്നത്. അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് 21 ശതമാനത്തില്‍ കുറവാണെങ്കില്‍ ജന്തുക്കള്‍ക്ക് ജീവിക്കാനാവുകയില്ല. 25 ശതമാനത്തില്‍ കൂടിയാല്‍ സസ്യങ്ങളെല്ലാം കത്തി ചാമ്പലാവുകയും ചെയ്യും.

ഭൂമി, 23.5 ഡിഗ്രി ചരിഞ്ഞ് (സാങ്കല്‍പിക അച്ചുതണ്ടില്‍), സ്വയം ഭ്രമണം നടത്തുന്നതുകൊണ്ടാണ് നമ്മുടെ ഭൂഖണ്ഡങ്ങള്‍ തണുത്തുറച്ച് ഹിമഗ്രഹമാകാതിരിക്കുന്നത്. ഒരു മണിക്കൂറില്‍ ആയിരത്തി അറുന്നൂറ് കിലോമീറ്റര്‍ വേഗതയിലുള്ള സ്വംയഭ്രമണം വഴിയാണ് ഓരോ ഭൂഖണ്ഡങ്ങളിലും ആവശ്യമായ തോതിലുള്ള സൂര്യപ്രകാശത്തിന്റെ വിതരണം നടക്കുന്നത്. അത് അല്‍പം കുറയുകയോ കൂടുകയോ ചെയ്താല്‍ ജീവന്‍ സാധ്യമാവുമായിരുന്നില്ല. സൗരോപരിതലത്തിന്റെ താപമായ 5778 ഡിഗ്രിയാണ് ഭൂമിക്ക് ആവശ്യമായ ചൂട് നല്‍കുന്നത്. ഇത് കൂടുകയോ കുറയുകയോ ചെയ്താല്‍ ഭൂമിയില്‍ ജീവനുണ്ടാകുമായിരുന്നില്ല. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരവും ചന്ദ്രപ്രതിഭാസങ്ങളുമെല്ലാം ജീവന്റെ സാധ്യതയെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. ചന്ദ്രന്‍ ഇന്നുള്ള 384400 കിലോമീറ്ററിനെക്കാള്‍ അടുത്തായിരുന്നു നിലനിന്നിരുന്നതെങ്കില്‍ സ്ഥിരമായ വേലിയേറ്റം കാരണം ഭൂമിയില്‍ ജീവന്‍ അസാധ്യമാകുമായിരുന്നു. ഭൂമിയുടെ മൂന്നില്‍രണ്ടു ഭാഗം സമുദ്രമായതും അവയുടെ ആഴവുമെല്ലാം ഇവിടുത്തെ ജീവന്‍ നിലനില്‍ക്കുന്നതിന് കാരണമായി ഭവിക്കുന്ന അനുകൂലനങ്ങളാണ്. ജീവന്‍ നിലനില്‍ക്കാന്‍ പാകത്തില്‍ ഭൂമിയെ ഒരുക്കിയവന്റെ ആസൂത്രണമല്ലാതെ മറ്റെന്താണ് ഇവിടെയെല്ലാം കാണാനാവുന്നത്! ക്വുര്‍ആന്‍ പറഞ്ഞതെത്ര ശരി!

”ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൗതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. (സത്യത്തിലേക്ക്) മടങ്ങുന്ന ഏതൊരു ദാസനും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി.” (50:7,8)

സൃഷ്ടിപ്രപഞ്ചത്തിലെ സൂക്ഷ്മതയും ആസൂത്രണവും എല്ലാപ്രതിഭാസങ്ങള്‍ക്കും പിന്നിലുള്ള സര്‍ഗധനനായ സൃഷ്ടാവിനെ വെളിപ്പെടുത്തുന്നുണ്ട്. സ്വന്തത്തെയും ചുറ്റുപാടിനെയും കണ്ണും കാതും തുറന്നുവെച്ച് നിരീക്ഷിക്കുകയും അവയ്ക്ക് പിന്നിലുള്ള സര്‍ഗവൈഭവത്തെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നവര്‍ക്കെല്ലാം, അവര്‍ കളങ്കരഹിതമായ മനസ്സിന് ഉടമകളാണെങ്കില്‍ സര്‍വജ്ഞനായ പടച്ചവന്റെ അസ്തിത്വം ബോധ്യപ്പെടുക തന്നെ ചെയ്യും.

നിസ്തുലമായ സ്വന്തം ശരീരത്തെയും തനിക്ക് നല്‍കപ്പെട്ട അത്യത്ഭുതകരമായ സവിശേഷതകളെയും പറ്റി ചിന്തിച്ചാല്‍-

ജൈവലോകത്തെ ഉല്‍പാദകരായ സസ്യങ്ങളെയും ആഹാരനിര്‍മിതിക്കു വേണ്ടിയുള്ള സസ്യശരീരത്തിലെ അനുകൂലനങ്ങളെയുംകുറിച്ചു പഠിച്ചാല്‍-

കരയുടെ ഇരട്ടിവരുന്ന സമുദ്രത്തിലെ ജൈവവൈവിധ്യത്തെയും ആഴിയിലും ആഴത്തിലും ജീവിക്കുവാനായി അവയ്ക്കുനല്‍കിയ സവിശേഷതകളെയുംപറ്റി മനസ്സിലാക്കിയാല്‍-

വിമാനനിര്‍മാണത്തിന് മനുഷ്യരെ പഠിപ്പിച്ച പറവകളിലെ പറക്കാനുള്ള കഴിവുകളെയും അവ സംവിധാനിച്ച രീതിയെയും കുറിച്ച് അറിയാന്‍ ശ്രമിച്ചാല്‍-

തേനീച്ചയെപ്പോലെയുള്ള ചെറുപ്രാണികള്‍ക്കുപോലും നല്‍കപ്പെട്ട അനുകൂലനങ്ങളെയും പ്രകൃതിയില്‍ അവ നിര്‍വഹിക്കുന്ന ധര്‍മങ്ങളെയും അപഗ്രഥിച്ചാല്‍-

പരിസ്ഥിതി സന്തുലനത്തിനായി ഓരോ ജീവിയും നിര്‍വഹിക്കുന്ന ദൗത്യങ്ങളെയും അവയ്ക്കനുസൃതമായി അവയ്ക്ക് ലഭിച്ച ജന്മവാസനകളെയും പറ്റി ചിന്തിച്ചാല്‍-

ജൈവലോകത്ത് നിലനില്‍ക്കുന്ന പാരസ്പര്യത്തെയും പ്രസ്തുത പാരസ്പര്യം വഴി നിലനില്‍ക്കുന്ന പരിസ്ഥിതി സംതുലനത്തെയും വ്യക്തമായി അറിഞ്ഞാല്‍-

ജീവനുവേണ്ടി സൃഷ്ടിക്കപ്പെട്ട ഒരേയൊരു ഭൂമിയെയും അതിനുവേണ്ടി മാത്രമായി നല്‍കപ്പെട്ട സവിശേഷതകളെയും അപഗ്രഥിക്കാന്‍ സന്നദ്ധമായാല്‍-

അറിയുന്തോറും അറിയാത്തതാണ് കൂടുതലെന്ന് ബോധ്യപ്പെടുത്തുന്ന പ്രപഞ്ചത്തെയും മനുഷ്യബുദ്ധിക്ക് ചെന്നെത്താനാകാത്ത പ്രഹേളികയായി പ്രപഞ്ചം തുടരുമെന്ന അത്ഭുതം പ്രസ്താവിക്കുന്ന പ്രപഞ്ചപഠന സിദ്ധാന്തങ്ങളെയും മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍-

ആര്‍ക്കാണ് ഈ മഹാസംവിധാനങ്ങള്‍ക്കെല്ലാം പിന്നിലുള്ള സര്‍വശക്തനായ സ്രഷ്ടാവിനെ നിഷേധിക്കാന്‍ കഴിയുക!?

അല്ല. പ്രപഞ്ചത്തിലെ വലുതും ചെറുതുമായ സകലവിധ പ്രതിഭാസങ്ങ ളുടെയും സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും കാരണഭൂതമായിരിക്കുന്ന ഏകാസ്തിത്വത്തിന് അറബിയില്‍ പറയുന്ന പേരാണ് അല്ലാഹു. സ്വന്തത്തെയും തന്റെ ചുറ്റുപാടുകളെയും കുറിച്ച് ഗൗരവതരമായി പഠിച്ചുമനസ്സിലാക്കുന്ന ഒരാള്‍ക്കും അവയ്ക്കു പിന്നിലുള്ള ഒരു മഹാചൈതന്യത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുവാനാവില്ലെന്നതാണ് വസ്തുത. പരമാണുവിനുള്ളിലെ ആന്ദോളനങ്ങളുടെ മുതല്‍ താരാസമൂഹങ്ങളുടെ നിലനില്‍പിന്നാധാരമായ വ്യവസ്ഥകളുടെ വരെ കാരണം അല്ലാഹുവാണ്. എന്നാല്‍, അല്ലാഹു കേവലമായ ഒരു ശക്തിയോ അന്ധമായ ഒരു കാരണമോ ഉണ്മയില്ലാത്ത ഒരു ഊര്‍ജരൂപമോ മാത്രമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നില്ല. ദൈവിക സത്ത മനുഷ്യന്റെ വിശദീകരണത്തിന്നതീതമാണ്. അല്ലാഹുതന്നെ അറിയിച്ചുതന്ന ദിവ്യവെളിപാടുകളിലൂടെ മാത്രമേ അവന്റെ സത്തയുടെ സ്വഭാവമെന്താണെന്ന് നമുക്ക് മനസ്സിലാക്കാനാവൂ. എങ്കിലും അവന്റെ ശക്തിയാല്‍ നിലനില്‍ക്കുന്ന പ്രാപഞ്ചികവസ്തുക്കള്‍ അവന്റെ അസ്തിത്വത്തെയും സ്വഭാവങ്ങളെയും ഒരു പരിധിവരെ വെളിപ്പെടുത്തുന്നുവെന്ന് പറയാം.

മലയാളത്തില്‍ ‘ദൈവ’മെന്നും ഇംഗ്ലീഷില്‍ ‘ഗോഡ്’ എന്നും ഉറുദുവില്‍ ‘ഖുദാ’ എന്നും പറയുമ്പോഴുണ്ടാകുന്ന അര്‍ഥകല്‍പനയിലുള്ള അറബിപദമല്ല ‘അല്ലാഹു’വെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ദൈവം, ഗോഡ്, ഖുദാ തുടങ്ങിയ പദങ്ങള്‍ക്ക് ആരാധിക്കപ്പെടുന്നത് എന്നു മാത്രമേ അര്‍ഥമുള്ളൂ. ഇവയ്ക്ക് തത്തുല്യമായ അറബിപദമാണ് ‘ഇലാഹ്’. ആരാധിക്കപ്പെടുന്ന ആരെയും ‘ഇലാഹുകള്‍’ എന്ന് വിളിക്കാം. ഇലാഹ് എന്ന പൊതുനാമത്തെ ‘അല്‍’ എന്ന അവ്യയം ചേര്‍ത്ത് വിശേഷവത്കരിച്ചതാണ് ‘അല്ലാഹു’ എന്ന പദമെന്നാണ് പദോല്‍പത്തിശാസ്ത്രജ്ഞന്മാരുടെ പക്ഷം. അപ്പോള്‍ അല്ലാഹു എന്ന പദത്തിനര്‍ഥം അല്‍ഇലാഹ് എന്നാണ്. ‘ആരാധിക്കപ്പെടുവാന്‍ യഥാര്‍ഥത്തില്‍ അര്‍ഹതയുള്ളവന്‍’ എന്നോ ‘സാക്ഷാല്‍ ദൈവം’ എന്നോ ഇതിന് അര്‍ഥം പറയാവുന്നതാണ്. ‘അല്ലാഹു’വെന്ന പദത്തിന്റെ ഉല്‍പത്തിയെ സംബന്ധിച്ച് ഇതല്ലാത്ത അഭിപ്രായങ്ങളുമുണ്ട്. ഏതായിരുന്നാലും യഥാര്‍ഥ ദൈവത്തിനുള്ള സംജ്ഞാനാമമെന്ന നിലയ്ക്കാണ് ഇന്ന് അതുപയോഗിക്കപ്പെടുന്നത്. സത്യദൈവം എന്ന നിലയ്ക്കാണ് വിശുദ്ധ ഖുര്‍ആന്‍ ‘അല്ലാഹു’വെന്ന പദത്തെ പരിചയപ്പെടുത്തുന്നത്.

സൂക്ഷ്മവും സ്ഥൂലവുമായ സകലമാന വസ്തുക്കളുടെയും സ്രഷ്ടാവും സംരക്ഷകനും നിയന്താവും സര്‍വശക്തനും സര്‍വജ്ഞനുമായവനാണ് അല്ലാഹു. ഇത് ഒരു കുലദൈവത്തിന്റെയോ ഗോത്രദൈവത്തിന്റെയോ പേരല്ല. എല്ലാ ദേശക്കാരുടെയും ഭാഷക്കാരുടെയും വര്‍ഗക്കാരുടെയും യഥാര്‍ഥമായ ദൈവത്തിന്റെ പേരാണ് അല്ലാഹു.നിരവധി ദൈവനാമങ്ങൾ ഖുർആനിലുണ്ട്. അത്യുന്നതനായ അവന്റെ ഗുണവിശേഷങ്ങളെ കുറിക്കുന്നവയാണ് ആ നാമങ്ങളെല്ലാം. അല്ലാഹുവെന്ന നാമത്തെ ഖുർആൻ പരിചയപ്പെടുത്തുന്നത് അവന്റെ യഥാർത്ഥ നാമമായിക്കൊണ്ടാണ്.

സ്രഷ്ടാവും പ്രപഞ്ചകര്‍ത്താവുമായ ദൈവത്തിന് വ്യത്യസ്തഭാഷകളില്‍ വ്യത്യസ്ത പേരുകളുപയോഗിച്ചതായി കാണാന്‍ കഴിയും. സംസ്‌കൃതത്തില്‍ ‘പരബ്രഹ്മം’ എന്നും ‘പരമാത്മാവ്’ എന്നുമാണ് സര്‍വശക്തനും സര്‍വലോകസ്രഷ്ടാവുമായ ദൈവത്തിന് പറയുന്ന പേരെന്ന് ഉപനിഷത്തുകളിലെ വിവരണങ്ങള്‍ വായിച്ചാല്‍ ബോധ്യമാവും. ബൈബിള്‍ പഴയ നിയമത്തില്‍ പല പേരുകളിലും സ്രഷ്ടാവായ ദൈവം അഭിസംബോധന ചെയ്യപ്പെട്ടിട്ടുണ്ട്. ഏല്‍, എലോഹിം, ഏല്‍ശദ്ദായി, ഏല്‍എല്യോന്‍, അഡോണായി, യാഹ്, യഹ്‌വെ (യഹോവ) തുടങ്ങിയ നാമങ്ങളെല്ലാം സര്‍വശക്തനായ ദൈവത്തിന് നല്‍കപ്പെട്ടിട്ടുണ്ട്. യേശുവിന്റെ ഉപദേശങ്ങളൊന്നും അദ്ദേഹത്തിന്റെ ഭാഷയായ അരമായഭാഷയില്‍ ലഭ്യമല്ലാത്തതിനാല്‍ അദ്ദേഹം എങ്ങനെയാണ് ദൈവത്തെ സംബോധന ചെയ്തതെ ന്ന് മനസ്സിലാക്കാന്‍ നിര്‍വാഹമില്ല. എങ്കിലും ‘എലോഹി’ എന്നായിരിക്കും അദ്ദേഹം ദൈവത്തെ സംബോധന ചെയ്തതെന്നാണ് ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായം. ഇന്ന് നിലവിലുള്ള അറബി ബൈബിളുകളിലെല്ലാം അത്യുന്നതനായ ദൈവത്തെ വിളിച്ചിരിക്കുന്നതും അല്ലാഹു എന്നു തന്നെയാണ്.

സര്‍വലോകസ്രഷ്ടാവും സര്‍വശക്തനുമായ ദൈവത്തെ വിളിക്കുവാന്‍ ഖുര്‍ആന്‍ ഉപയോഗിച്ച പദമാണ് ‘അല്ലാഹു’വെന്നും ‘ആരാധിക്കാന്‍ യഥാര്‍ഥത്തില്‍ അര്‍ഹതയുള്ളവന്‍’ എന്നാണ് ആ നാമത്തിന് അര്‍ഥമെന്നും പറഞ്ഞുവല്ലോ.’അല്ലാഹുവെന്ന പദത്തിന് തുല്യമായി മറ്റു ഭാഷകളിലൊന്നുംതന്നെ ഒറ്റവാക്കുകളില്ലെന്ന് പറയുന്ന പണ്ഡിതന്മാരുണ്ട്. അതെന്തായിരുന്നാലും, ‘യഥാര്‍ഥത്തിലുള്ള ദൈവം’ എന്ന അര്‍ഥത്തിലാണ്, ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെയോ ഗോത്രത്തിന്റെയോ ദൈവം എന്ന അര്‍ഥത്തിലല്ല ഖുര്‍ആന്‍ ‘അല്ലാഹു’വെന്ന് പ്രയോഗിച്ചിരിക്കുന്നത്. മുസ്‌ലിംകളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും യഹൂദരുടെയും പാര്‍സികളുടെയും മറ്റെല്ലാ ജനവിഭാഗങ്ങളുടെയും കറുത്തവരുടെയും വെളുത്തവരുടെയും പാശ്ചാത്യരുടെയും പൗരസ്ത്യരുടെയും അവര്‍ണരുടെയും സവര്‍ണരുടെയും അഖിലചരാചരങ്ങളുടെയും എല്ലാം സ്രഷ്ടാവും സംരക്ഷകനും പരിപാലകനുമാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹു.

”അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവന്‍ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകര്‍ത്താവാകുന്നു” (39:62).

”അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെ സൃഷ്ടികര്‍ത്താവുമായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് (സന്മാര്‍ഗത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്?” (40:62).

”തീര്‍ച്ചയായും അല്ലാഹുതന്നെയാണ് എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ പാത” (43:64).

”ആകാശങ്ങളുടെയും ഭൂമിയുടെയും നിര്‍മാതാവാണവന്‍. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ. എല്ലാ വസ്തുക്കളെയും

അവന്‍ സൃഷ്ടിച്ചതാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്. അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു” (6:101,102).

ഒരാളുടെ ഏറ്റവും വലിയ ബാധ്യത അവനെ സൃഷ്ടിച്ച് പരിപാലിക്കുന്ന തമ്പുരാനോടാണ്. സ്വന്തത്തോടും മറ്റുള്ളവരോടുമുള്ള ബാധ്യതകളുടെ നിര്‍വഹണം അല്ലാഹുവിനോടുള്ള ഉത്തരവാദിത്ത നിര്‍വഹണത്തിന് താഴെ മാത്രമെ വരുന്നുള്ളൂ. കാരണം, താനും മറ്റുള്ളവരുമെല്ലാം നിലവില്‍വന്നതും നിലനില്‍ക്കുന്നതുമെല്ലാം അവന്റെ അപാരമായ കാരുണ്യത്താലാണ്. തനിക്ക് എന്തെല്ലാമുണ്ടോ അതെല്ലാം അവന്‍ നല്‍കിയതാണ്. ഏത് സമയത്തും അവയെ പിന്‍വലിക്കുവാന്‍ കഴിയുന്നവനാണവന്‍. അവന്റെ അനുഗ്രഹങ്ങളാണ് താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, അല്ലാഹുവിനോടുള്ള ബാധ്യതയാണ് ഒരാള്‍ക്ക് നിര്‍വഹിക്കുവാനുള്ള ഉത്തരവാദിത്തങ്ങളില്‍ ഒന്നാമത്തേത്. അത് നിര്‍വഹിക്കാതെ സ്വന്തത്തോടൊ മറ്റുള്ളവരോടോ ഉള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതുകൊണ്ട് യാതൊരു കാര്യവുമില്ല.

എന്താണ് അല്ലാഹുവിനോട് നമുക്കുള്ള ഉത്തരവാദിത്തം? അവന്റെ അനുഗ്രഹങ്ങളനുഭവിച്ചുകൊണ്ട് ജീവിക്കുന്നവരാണ് നാം; തിരിച്ച് അല്ലാഹുവിനെ അനുഗ്രഹിക്കുവാന്‍ നമുക്ക് കഴിയുമോ? അവന്റെ കാരുണ്യത്താലാണ് നാം നിലനില്‍ക്കുന്നത്; തിരിച്ച് അല്ലാഹുവിന് കാരുണ്യം ചെയ്യാന്‍ നമുക്ക് കഴിയുമോ? അവനാണ് നമുക്കാവശ്യമായ ഭക്ഷണപാനീയങ്ങള്‍ ഒരുക്കിത്തന്നിരിക്കുന്നത്. തിരിച്ച് അവനെ ഭക്ഷിപ്പിക്കുവാനോ കുടിപ്പിക്കുവാനോ നമുക്ക് സാധിക്കുമോ? ‘ഇല്ല’യെന്നാണല്ലോ ഇവയ്‌ക്കെല്ലാമുള്ള ഉത്തരം. എങ്കില്‍, പിന്നെയെങ്ങനെയാണ് അല്ലാഹുവിനോടുള്ള നമ്മുടെ ബാധ്യത നിര്‍വഹിക്കുകയെന്ന ചോദ്യം പ്രസക്തമാണ്. ഈ ചോദ്യത്തിന് അല്ലാഹുതന്നെ നല്‍കുന്ന ഉത്തരം ശ്രദ്ധിക്കുക:

”ജിന്നുകളേയും മനുഷ്യരേയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹുതന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും” (51:56-58).

അല്ലാഹുവിനെ മാത്രം ആരാധിക്കുക. ഇതുമാത്രമാണ് നമുക്ക് ചെയ്യാനാവുന്ന കാര്യം. അല്ലാഹുവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മനുഷ്യര്‍ക്ക് ചെയ്യാനാകുന്ന ഏക സംഗതി. അല്ലാഹു മാത്രമാണ് യഥാര്‍ഥത്തില്‍ ആരാധനകളെല്ലാം

അര്‍ഹിക്കുന്നതെന്ന് നാം മനസ്സിലാക്കി. എന്നാല്‍, മനുഷ്യര്‍ക്ക് അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്ന സമ്പ്രദായം സ്വീകരിക്കുവാന്‍ കഴിയും. അല്ലാഹുവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മനുഷ്യര്‍ക്ക് സ്വാതന്ത്ര്യമുള്ള ഏക സംഗതിയാണത്. അല്ലാഹുവിന്റെ കാരുണ്യത്തെ തടയുകയോ മറ്റുള്ളവരെ പങ്കാളികളാക്കുകയോ ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. അവന്റെ അധികാരാവകാശങ്ങളില്‍ കൈകടത്തുവാനോ പങ്കാളികളെവെക്കുവാനോ ഉള്ള കഴിവും മനുഷ്യര്‍ക്കില്ല. എന്നാല്‍ അവന്‍മാത്രം അര്‍ഹിക്കുന്ന ആരാധന മറ്റുള്ളവര്‍ക്ക് സമര്‍പ്പിക്കുവാന്‍ മനുഷ്യര്‍ക്ക് കഴിയും. ഇങ്ങനെ മറ്റുള്ളവരെ ആരാധിക്കുന്നത് മഹാപാപമാണ്. സകല പാപങ്ങളെക്കാളും വലിയ പാപം. കാരണം അല്ലാഹുവിനോടുള്ള ബാധ്യതയുടെ ലംഘനമാണത്. അവനോടുള്ള ഉത്തരവാദിത്തത്തിനുശേഷമേ മറ്റ് ഉത്തരവാദിത്തങ്ങളെല്ലാം വരുന്നുള്ളൂ. മറ്റുള്ള ബാധ്യതകള്‍ നിര്‍വഹിക്കാതിരിക്കുന്നത് പാപമാണെങ്കില്‍ അല്ലാഹുവിനോടുള്ള ബാധ്യത നിര്‍വഹിക്കാതിരിക്കുന്നത് മഹാപാപമാണ്.

ബഹുദൈവാരാധനയാണ് സകലവിധ തിന്മകളുടെയും മാതാവെന്നാണ് ഇസ്‌ലാമിക വീക്ഷണം. അതുകൊണ്ടുതന്നെ അല്ലാഹുവല്ലാത്തവരോടുള്ള ആരാധനയാണ് വിശുദ്ധ ഖുര്‍ആനില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ദൈവേതരന്മാരോട് പ്രാര്‍ഥിക്കുന്നതാണ് ഏറ്റവും വലിയ മഹാപാപമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നത്. ഒരിക്കലും പൊറുക്കപ്പെടാത്ത പാപമാണ് ദൈവത്തിന്റെ സത്തയിലോ ഗുണങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ മറ്റുള്ളവരെ പങ്കുചേര്‍ക്കുകയെന്നത്. പ്രസ്തുത പാപം ചെയ്തവന്‍ ഇസ്‌ലാമില്‍ നിന്ന് പുറത്താണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നതു കാണുക:

”തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കപ്പെടുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവിനോട് പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു” (4:116).

ഇക്കാര്യം പ്രവാചകന്‍ (സ) വിശദീകരിച്ചു

”അബ്ദുല്ലാ (റ)പറയുന്നു: ഞാന്‍ നബി (സ)യോട് ചോദിച്ചു: ഏത് പാപമാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും കഠിനമായത്. നബി (സ) അരുളി: നിന്നെ സൃഷ്ടിച്ച നിന്റെ രക്ഷിതാവില്‍ നീ പങ്കാളിയെ സ്ഥാപിക്കലാണ്. ഞാന്‍ പറഞ്ഞു: അത് വളരെ ഗൗരവമേറിയതുതന്നെ. പിന്നെ ഏതാണ്: നബി (സ)അരുളി: നിന്റെ കൂടെ ഭക്ഷണം കഴിച്ചുകളയുമെന്ന് ഭയന്ന് നിന്റെ സന്താനത്തെ വധിക്കലാണ്. പിന്നെ ഏതാണ്: ഞാന്‍ വീണ്ടും ചോദിച്ചു: അയല്‍ വാസിയുടെ ഭാര്യയെ നീ വ്യഭിചരിക്കലാണ്. നബി (സ)പ്രത്യുത്തരം നല്‍കി” (സ്വഹീഹുല്‍ ബുഖാരി, ഹദീഥ്: 6966).

അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) നിവേദനം:”വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍” (ഖുര്‍ആന്‍ 6:82) എന്ന ആയത്ത് അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: ‘പ്രവാചകരേ, ഞങ്ങളില്‍ സ്വന്തം ശരീരത്തോട് അക്രമം പ്രവര്‍ത്തിക്കാത്തവരാരാണ്?’ അദ്ദേഹം പ്രതിവചിച്ചു: ‘അത് നിങ്ങള്‍ പറഞ്ഞപോലെയല്ല. തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്തുക’യെന്ന് പറഞ്ഞതിലെ അന്യായത്തിന്റെ വിവക്ഷ അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്. ലുഖ്മാന്‍ തന്റെ മകനോടായി പറഞ്ഞത് നിങ്ങള്‍ കേട്ടിട്ടില്ലേ ”എന്റെ കുഞ്ഞ് മകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമംതന്നെയാകുന്നു” (ഖുര്‍ ആന്‍: 31:13)(സ്വഹീഹുല്‍ ബുഖാരി: ഹദീഥ് 3110).

മനുഷ്യര്‍ക്ക് ആവശ്യമായതെല്ലാം ഇവിടെ ഒരുക്കി വെച്ചിരിക്കുന്നത് അല്ലാഹുവാണ്. അവനു പുറമെ ആരാധിക്കപ്പെടുന്നവര്‍ ആരായിരുന്നാലും അവരെ കൈവെടിയേണ്ടത് മുസ്‌ലിമിന്റെ ബാധ്യതയാണ്. ആരാധിക്കപ്പെടുന്നത് പുണ്യവാളനായാലും പിശാചായാലും സമമാണ്. രണ്ടുപേരും അതിന് അര്‍ഹരല്ല. പ്രാര്‍ഥനകള്‍ അല്ലാഹുവോട് മാത്രമാണ് നടത്തേണ്ടത്. സൃഷ്ടികളില്‍ ശ്രേഷ്ഠനായ മുഹമ്മദ് നബി (സ) യോടുപോലും പ്രാര്‍ഥനകള്‍ പാടില്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇബ്‌റാഹീം നബി (സ) പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്ന വചനങ്ങള്‍ ഇവിടെ പ്രസക്തമാണ്.

”എന്നാല്‍ അവര്‍ (ആരാധിക്കപ്പെടുന്നവര്‍) എന്റെ ശത്രുകളാകുന്നു. ലോകരക്ഷിതാവ് ഒഴികെ. അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍; എനിക്ക് ആഹാരവും കുടിനീരും നല്‍കുന്നവന്‍; എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് സുഖപ്പെടുത്തുന്നത്; എന്നെ മരിപ്പിക്കുകയും പിന്നെ ജീവിപ്പിക്കുകയും ചെയ്യുന്നവന്‍; പ്രതിഫലത്തിന്റെ നാളില്‍ ഏതൊരുത്തന്‍ എന്റെ തെറ്റുകള്‍ പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നുവോ അവന്‍” (26:77-82).

പുണ്യവാന്മാര്‍ അനുഗ്രഹിക്കപ്പെടുകയും പാപികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന മരണാനന്തരജീവിതത്തില്‍ ഒരിക്കലും പൊറുക്കപ്പെടാത്ത പാപം ചെയ്തുകൊണ്ട് മരണപ്പെട്ടവര്‍ക്ക് സ്വര്‍ഗം നിഷിദ്ധമാണ്; നരകത്തില്‍നിന്ന് അവര്‍ക്ക് മോചനമുണ്ടാവുകയില്ലെന്നാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം.

”മറ്‌യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; ‘ഇസ്രാഈല്‍ സന്തതികളെ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്നപക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരുംതന്നെയില്ല’ എന്നാണ്” (5:72).

പ്രപഞ്ചവും നിലനില്‍പും എങ്ങനെ യാദൃച്ഛികമായുണ്ടാവും എന്ന് ചോദിക്കുന്നതും സ്രഷ്ടാവായ ദൈവം എങ്ങനെ കാരണമില്ലാതെയുണ്ടാവും എന്ന് ചോദിക്കുന്നതും ഒരുപോലെയല്ലേ?

  • പ്രപഞ്ചം നിലനില്‍ക്കുന്നു എന്നത് മാത്രമല്ല, ഓരോ പ്രാപഞ്ചിക പ്രതിഭാസവും വ്യവസ്ഥാപിതമാണ് എന്നതും അനിഷേധ്യസത്യമാകുന്നു. അത്യന്തം സൂക്ഷ്മമായ ഒരു പരമാണുവിനകത്ത് ന്യൂട്രോണുകളും പ്രോട്ടോണുകളും ഇലക്‌ട്രോണുകളും വിന്യസിക്കപ്പെട്ടിട്ടുള്ളത് തികച്ചും വ്യവസ്ഥാപിതമായിട്ടാണ്. ആര്‍ക്കും എണ്ണിതിട്ടപ്പെടുത്താന്‍ കഴിയാത്തത്ര ഹൈഡ്രജന്‍ പരമാണുക്കള്‍ ഈ പ്രപഞ്ചത്തിലുണ്ട്. ഇവയുടെയെല്ലാം സൂക്ഷ്മഘടന തികച്ചും സമാനമാകുന്നു. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും അടങ്ങിയ സ്ഥൂല പ്രപഞ്ചവും കണിശമായ വ്യവസ്ഥകള്‍ക്ക് വിധേയമായിത്തന്നെയാണ് വര്‍ത്തിക്കുന്നത്. ഭൂമിയും സൂര്യനും തമ്മിലുള്ള നിശ്ചിത അകലവും, സാങ്കല്‍പിക അച്ചുതണ്ടില്‍ ഭൂമിയുടെ ഭ്രമണവും സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണവും എല്ലാം കണിശമായ വ്യവസ്ഥപ്രകാരം നിലനില്‍ക്കുന്നതുകൊണ്ടാണ് ഇവി ടെ ജീവസസ്യജാലങ്ങളുടെ നിലനില്‍പ് സാധ്യമാകുന്നത്.


ഓരോ വിത്തില്‍നിന്നും മുളച്ചുവളരുന്നത് വേര്, കാണ്ഡം, ഇല, പൂവ്, കായ് എന്നിവയുടെ കാര്യത്തില്‍ അതീവ സൂക്ഷ്മമായ സവിശേഷതകളുള്ള സസ്യമാണ്. വര്‍ണങ്ങളിലോ ഗന്ധങ്ങളിലോ രുചികളിലോ യാദൃച്ഛികമായി യാതൊരു മാറ്റവും സംഭവിക്കുന്നില്ല. ഓരോ ജീവവര്‍ഗത്തിന്റെയും പ്രത്യുല്‍പാദനകോശങ്ങള്‍ സംയോജിക്കുമ്പോള്‍ ലക്ഷണമൊത്ത പുതിയ ജീവതലമുറ പിറക്കുന്നു. പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും ചേര്‍ന്ന് ഭ്രൂണം രൂപംകൊണ്ടതിനുശേഷം അത്യന്തം സൂക്ഷ്മമായ വ്യവസ്ഥകള്‍ക്ക് വിധേയമായിക്കൊണ്ടുള്ള കോശവിഭജന പ്രക്രിയകളിലൂടെ മാസ ങ്ങള്‍ക്കുള്ളില്‍ അവയവത്തികവുള്ള കുഞ്ഞായി വളരുന്ന പ്രതിഭാസം തികച്ചും ആസൂത്രിതമായും വ്യവസ്ഥാപിതമായുമാണ് സംഭവിക്കുന്നത്. യുഗാന്തരങ്ങളായി സഹസ്രകോടിക്കണക്കില്‍ മാതാക്കളുടെ ഗര്‍ഭാശയങ്ങളില്‍ ഈ വ്യവസ്ഥാപിത പ്രതിഭാസം അരങ്ങേറിക്കൊണ്ടേയിരിക്കുന്നു. സാധാരണഗതിയില്‍ യാതൊരു താളപ്പിഴയുംകൂടാതെ ഇത് തുടരുന്നു. ആകസ്മികമായി ഈ വ്യവസ്ഥയില്‍ നിസ്സാര മാറ്റങ്ങള്‍ സംഭവിച്ചാല്‍പോലും മനുഷ്യര്‍ വിഷമിച്ചുപോകുമായിരുന്നു. ഉദാഹരണമായി കണ്‍പോളകളിലെ രോമങ്ങള്‍ തലമുടിപോലെ നിരന്തരം വളരാന്‍ തുടങ്ങിയാല്‍ എത്രത്തോളം വിഷമമാകുമായിരുന്നു എന്നാലോചിച്ച് നോക്കുക.

ചരിത്രകാലത്തിനിടയില്‍ ഒരിക്കല്‍പോലും യാദൃച്ഛികമായി തെങ്ങ് വാഴക്കുലയോ വാഴ തേങ്ങാക്കുലയോ ഉല്‍പാദിപ്പിച്ചിട്ടില്ല. ഇനി അങ്ങനെയൊരു ആകസ്മിക സംഭവം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുകയുമില്ല. യാദൃച്ഛികമായി സ്ത്രീയുടെ ശരീരത്തില്‍ തന്നെ പുരുഷ ബീജവും കൂടി ഉല്‍പാദിപ്പിക്കപ്പെടുകയും അണ്ഡ ബീജസങ്കലനം നടന്ന് അവള്‍ ഗര്‍ഭിണിയാവുകയും ചെയ്യുമെന്നും ആരും പ്രതീക്ഷിക്കുകയില്ല. ആകസ്മികമായി ഒരു ഡി.എന്‍.എ. തന്മാത്രയുടെ ഘടനയില്‍ മൗലികമായ മാറ്റമുണ്ടാകുമെന്ന് പോലും കരുതാന്‍ യാതൊരു ന്യായവും കാണുന്നില്ല. യാഥാര്‍ഥ്യം ഇതായിരിക്കെ അനാദിയില്‍നിന്ന് അനന്തതയിലേക്ക് അനുസ്യൂതം പ്രവഹി ക്കുന്ന ഏതോ ആകസ്മികതയായി സൂക്ഷ്മവും സ്ഥൂലവുമായ പ്രാപഞ്ചിക വ്യവസ്ഥയെ വിലയിരുത്തത് തനി അസംബന്ധമാകുന്നു. ആകസ്മികത എന്നാല്‍ വാഹനാപകടം പോലെ അവിചാരിത മായ സ്ഥലത്തും അപ്രതീക്ഷിതമായ സമയത്തും നടക്കുന്ന കാര്യമാണ്. അത് ഒരിക്കലും അനുസ്യൂതമായി പ്രവഹിക്കുകയില്ല. പടച്ചവനെ മാറ്റിനിര്‍ത്താന്‍ വേണ്ടി യുക്തിയുടെ പേരില്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ മരമണ്ടന്‍ സ്‌റ്റൈലിലുളളതാകുന്നത് ഒട്ടും ഭൂഷ ണമല്ല.

ഇരുമ്പയിരിന്റെ ഒരു വലിയ കൂമ്പാരം ഒരു സ്ഥലത്ത് കിടന്നിട്ട് ആകസ്മിക സംഭവങ്ങളുടെ എത്ര പ്രവാഹങ്ങള്‍ അതിന്റെ മീതെ കടന്നുപോയാലും പതിനായിരം കോടി കൊല്ലങ്ങള്‍ക്ക് ശേഷം പോ ലും അത് തനിയെ ട്രാക്ടറുകളോ തീവണ്ടി എഞ്ചിനുകളോ ആവു കയില്ല എന്ന കാര്യം ഉറപ്പാണ്. വന്‍തോതിലുള്ള ബൗദ്ധിക യത്‌നം കൊണ്ട്മാത്രമെ ഒരു യന്ത്രം രൂപപ്പെടുകയുള്ളൂവെങ്കില്‍ വിസ്മ യങ്ങളില്‍ വിസ്മയമായ മനുഷ്യാസ്തിത്വം സര്‍വജ്ഞനും സര്‍വ ശക്തനുമായ ഒരു സംവിധായകനില്ലാതെ രൂപംകൊള്ളുകയില്ല എന്ന കാര്യം നിഷേധിക്കാനാകാത്ത സത്യംതന്നെയാകുന്നു.

ജിനോമിക്‌സ് പഠനങ്ങള്‍ തെളിയിക്കുന്നത് മനുഷ്യശരീരത്തിലെ കോടിക്കണക്കില്‍ ഡി.എന്‍.എ. തന്മാത്രകളില്‍ ഓരോന്നിലുംരേഖ പ്പെടുത്തിയ വിവരശേഖരം പകര്‍ത്തിവെക്കാന്‍ അനേകം കംപ്യൂട്ടറുകള്‍വേണ്ടിവരുമെന്നാണ്. ഒരു മില്ലി മീറ്ററിന്റെ മില്യനില്‍ ഒരുഭാഗം മാത്രം വലിപ്പമുള്ള ജൈവ ഘടകത്തിലാണ് നാല് രാസപദാര്‍ഥ ങ്ങള്‍ അക്ഷരങ്ങളാക്കിക്കൊണ്ട് ഇത്ര ഭീമമായ വിജ്ഞാനശേഖരം രേഖപ്പെടുത്തിവെച്ചിരിക്കുന്നത്. ഇതൊക്കെ ആകസ്മികമാണെന്ന് പറയുന്നതും സര്‍വജ്ഞനായ മഹാശക്തന്‍ സംവിധാനിച്ചതാണെ ന്ന് പറയുന്നതും ഒരുപോലെയാണെന്ന്, അഥവാ തെറ്റാകാനും ശരി യാകാനും തുല്യസാധ്യതയുള്ളതാണെന്ന് തോന്നുന്നതാണ് മനുഷ്യബുദ്ധിക്ക് സംഭവിക്കാവുന്ന ഏറ്റവും കടുത്ത അപചയം.

സല്‍ബുദ്ധിയുള്ള ഓരോ മനുഷ്യനോടും വിശുദ്ധ ഖുര്‍ആന്‍ ചോ ദിക്കുന്നു: ”ഹേ; മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിതനാക്കിയ കാര്യം എന്താണ്? നിന്നെ സൃഷ്ടിക്കുകയും നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും താനുദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിക്കു കയും ചെയ്തവനത്രെ അവന്‍” (വി.ഖു. 82:6-8). ”ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷി യാവുകയും അതിന് പുറമെ ഏഴ് സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീരുകയില്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു” (വി.ഖു. 31:27).

ആശാരിയെ നിര്‍മിച്ചത് ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയില്ല എന്ന് കരുതി ആരും മേശ നിര്‍മിച്ചത് ആശാരിയാ ണെന്ന് പറയാന്‍ മടിക്കാറില്ല. അതുപോലെതന്നെ ദൈവത്തെ ആര് സൃഷ്ടിച്ചുവെന്ന് വല്ലവരും ചോദിച്ചേക്കുമെന്ന് ആശങ്കിച്ച് പ്രപഞ്ചമാ കെ സൃഷ്ടിച്ചത് ദൈവമാണെന്ന് പറയാനും മടിക്കേണ്ടതില്ല. പ്രപഞ്ചമാകെ സൃഷ്ടിച്ചവന്‍ ആരാലും സൃഷ്ടിക്കപ്പെട്ടവനാകാതിരിക്കുക എന്നത് ബൗദ്ധികമായ അനിവാര്യതയാകുന്നു. എല്ലാ പ്രാപഞ്ചികപ്രതിഭാസങ്ങൾക്കും തുടക്കവും ഒടുക്കവുമുണ്ടെന്ന് ശാസ്ത്രം സിദ്ധാന്തിക്കുന്നു. അത് കൊണ്ട് തന്നെ അവയെല്ലാം സൃഷ്ടിക്കപെട്ടതാണ്. തുടക്കക്കാരനില്ലാതെ ഒന്നിനും തുടങ്ങാനാവില്ല. അല്ലാഹുവാകട്ടെ തുടക്കവും ഒടുക്കവുമില്ലാത്തവനാണ്. അത് കൊണ്ട് തന്നെ അവനെ സൃഷ്ടിക്കേണ്ടതില്ല. എന്നെന്നുമുള്ളവൻ സൃഷ്ടിക്കപ്പെടണമെന്ന് കരുതുന്നതാണ് യുക്തിവിരുദ്ധം; അവന് സ്രഷ്ടാവ് വേണ്ടെന്ന് പറയുന്നതല്ല

ഏതൊരു പ്രസ്ഥാനമായിരുന്നാലും അതിന്റെ അടിസ്ഥാന സങ്കല്‍പത്തിന്റെ പ്രതിഫലനമായിരിക്കും നിയമങ്ങളിലും നിര്‍ദേശങ്ങളിലും നമുക്ക് കാണാനാവുക. സ്ത്രീയെ സംബന്ധിച്ച ഇസ്‌ലാമിക നിര്‍ദേശങ്ങളുടെ വേര് സ്ഥിതി ചെയ്യുന്നത് അവള്‍ ആരാണെന്ന പ്രശ്‌നത്തിന് ഖുര്‍ആന്‍ നല്‍കുന്ന ഉത്തരത്തിലാണ്.

പുരുഷനെപ്പോലെതന്നെ സ്ത്രീയും പടച്ചതമ്പുരാന്റെ സവിശേഷ സൃഷ്ടിയാണെന്നാണ് ഖുര്‍ആനികാധ്യാപനം.

”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍” (4:1)

ഇവിടെ പുരുഷനും സ്ത്രീയും ഒരേ ആത്മാവില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന വസ്തുതയാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്;പുരുഷനും സ്ത്രീയും ഒരേ ആത്മാവിന്റെ രണ്ട് അംശങ്ങളാണെന്ന വസ്തുത. ഈ രണ്ട് അംശങ്ങളും കൂടിച്ചേരുമ്പോഴാണ് അതിന് പൂര്‍ണത കൈവരുന്നത്. അഥവാ സ്ത്രീയുടെയും പുരുഷന്റെയും പാരസ്പര്യത്തിലാണ് ജീവിതം പൂര്‍ണമാവുന്നത്. സ്ത്രീ-പുരുഷബന്ധത്തിലെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയുമെല്ലാം ഉറവിടം ഈ പാരസ്പര്യമാണ്. ദമ്പതികള്‍ തമ്മില്‍ നിലനില്‍ക്കുന്ന കരുണയും സ്‌നേഹവുമെല്ലാം ദൈവിക ദൃഷ്ടാന്തങ്ങളാണെന്നാണ് ഖുര്‍ആനിക കാഴ്ചപ്പാട്. ‘നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രേ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്”(30:21).

ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തെ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. സ്ത്രീ-പുരുഷ സമത്വമെന്ന ആശയത്തെ അത് നിരാകരിക്കുകയും ചെയ്യുന്നു. സ്ത്രീ, പുരുഷന് സമമോ പുരുഷന്‍,സ്ത്രീക്ക് സമമോ ആവുക അസാധ്യമാണെന്നാണ് അതിന്റെ വീക്ഷണം. അങ്ങനെ ആക്കുവാന്‍ ശ്രമിക്കുന്നത് പ്രകൃതി വിരുദ്ധമാണ്. സ്ത്രീയെയും പുരുഷനെയും പ്രകൃതി അവര്‍ക്കനുവദിച്ച സ്ഥാനങ്ങളില്‍തന്നെ നിര്‍ത്തുകയാണ് ഖുര്‍ആ ന്‍ ചെയ്യുന്നത്. പ്രകൃതി സ്ത്രീക്കും പുരുഷനും നല്‍കിയ സ്ഥാനങ്ങള്‍ തന്നെയാണ് പ്രകൃതിമതമായ ഇസ്‌ലാമും അവര്‍ക്ക് നല്‍കുന്നത്.

ഇസ്‌ലാമിന് ആണ്കോയ്മയോ പെണ്കോയ്മയോ പരിചയമില്ല. ആണിനോടും പെണ്ണിനോടും തങ്ങളുടെ ബാധ്യത കളെയും അവകാശങ്ങളെയുംകുറിച്ച് സംസാരിക്കുന്ന ആദർശമാണ് ഇസ്‌ലാം. ”സ്ത്രീകള്‍ക്ക് ബാധ്യതകള്‍ ഉള്ളതുപോലെതന്നെ ന്യായമായ അവകാശങ്ങളുമുണ്ട്”(2:228) എന്നാണ് ഖുര്‍ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നത്. പെണ്ണവകാശങ്ങളെക്കുറിച്ച് ഈ രൂപത്തിലുള്ള ഒരു പ്രസ്താവന പതിനെട്ടാം നൂറ്റാണ്ടിനു മുൻപ് എഴുതപ്പെട്ട ഏതെങ്കിലും ധര്മശാസ്ത്രഗ്രന്തങ്ങളിൽ കാണാനാവുമോ എന്ന ചോദ്യത്തിന്റെ ഉത്തരം ഇല്ലായെന്നാണ്. ന്യായമായും നൽകേണ്ട പെണ്ണവകാശങ്ങളെക്കുറിച്ച് ഇത്രയും വ്യക്തമായി പ്രഖ്യാപിക്കുന്ന ഖുര്‍ആന്‍ ആണ്‍കോയ്മാ വ്യവസ്ഥിതിയുടെ സൃഷ്ടിയാണെന്ന് പറയുന്നതെങ്ങനെ?സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച് ഖുര്‍ആനിനെപ്പോലെ വ്യക്തവും വിശദവുമായി പ്രതിപാദിക്കുന്ന മറ്റൊരു ധര്മശാസ്ത്രഗ്രന്ഥവുമില്ലെന്നതാണ് വാസ്തവം.

സ്ത്രീക്ക് ഇസ്‌ലാം അനുവദിച്ച-അല്ല, നേടിക്കൊടുത്ത-അവകാശങ്ങളുടെ മഹത്വമറിയണമെങ്കില്‍ അതിന്റെ അവതരണകാലത്തുണ്ടായിരുന്ന പെണ്ണിന്റെ പദവിയെന്തായിരുന്നുവെന്ന് മനസ്സിലാക്കണം. യവനന്മാര്‍ പി ശാചിന്റെ പ്രതിരൂപമായിട്ടായിരുന്നു പെണ്ണിനെ കണ്ടിരുന്നത്. പത്‌നിയെ അറുകൊല നടത്താന്‍ പോലും പുരുഷന് സ്വാതന്ത്ര്യം നല്‍കുന്നതായിരുന്നു റോമന്‍ നിയമവ്യവസ്ഥ. ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരിക്കണമെന്നതായിരുന്നുവല്ലോ ഭാരതീയ സ്ത്രീയോടുള്ള മതോപദേശം. പാപം കടന്നുവരാന്‍ കാരണക്കാരിയായ (?) പെണ്ണിനു നേരെയുള്ള യഹൂദന്മാരുടെ പെരുമാറ്റം ക്രൂരമായിരുന്നു. യഹൂദമതത്തിന്റെ പിന്തുടര്‍ച്ചയായി വന്ന ക്രിസ്തുമതത്തിലെ സ്ഥിതിയും മെച്ചപ്പെട്ടതായിരുന്നില്ല. സ്ത്രീകള്‍ക്ക് ആത്മാവുണ്ടോ എന്നതായിരുന്നു പതിനാറാം നൂറ്റാണ്ടില്‍ പോലും പാതിരിമാരുടെ ചര്‍ച്ചാവിഷയം. മുഹമ്മദ് നബി(ﷺ)ക്ക് മുമ്പ് അറേബ്യയിലെ പെണ്ണിന്റെ സ്ഥിതിയും ഇതിനേക്കാളെല്ലാം കഷ്ടമായിരുന്നു. അവള്‍ക്ക് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടു. പ്രസവിക്കപ്പെട്ടത് പെണ്‍കുഞ്ഞാണെന്നറിഞ്ഞാല്‍ ജീവനോടെ കുഴിച്ചുമൂടാന്‍ സന്നദ്ധരായിരുന്ന ജനങ്ങളുള്‍ക്കെളളുന്ന സമൂഹം. ഇത്തരമൊരു സാമൂഹിക സാഹചര്യത്തിലാണ് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഖുര്‍ആന്‍ സംസാരിക്കുവാനാരംഭിച്ചത്.

പെണ്ണിന് ഖുര്‍ആന്‍ നല്‍കിയ അവകാശങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

1. ജീവിക്കാനുള്ള അവകാശം: ഭാര്യ പ്രസവിച്ചത് പെണ്‍കുഞ്ഞാണെന്ന് മനസ്സിലാക്കിയാല്‍ അതിനെ കൊന്നുകളയുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നവരായിരുന്നു അറബികള്‍ (ഖുര്‍ആന്‍16:59). ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ഭ്രൂണത്തിന്റെ ലിംഗം നിര്‍ണയിക്കുകയും പ്രസവിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെന്നറിഞ്ഞാല്‍ അതിനെ ഭ്രൂണാവസ്ഥയില്‍തന്നെ നശിപ്പിക്കാനൊരുമ്പെടുകയും ചെയ്യുന്ന സമകാലീന സമൂഹത്തിന്റെ ധാര്‍മിക നിലവാരം അജ്ഞാനകാലത്തെ അറബികളില്‍ നിന്ന് അല്‍പം പോലും ഉയര്‍ന്നതല്ല. പെണ്ണിനെ ജീവിക്കുവാന്‍ അനുവദിക്കാത്ത കുടിലതയെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നു (16:59,81:9) പുരുഷനെപ്പോലെ അവള്‍ക്കും ജനിക്കുവാനും ജീവിക്കാനും അവകാശമുണ്ടെന്ന് അത് പ്രഖ്യാപിക്കുന്നു.

2. സ്വത്തവകാശം: പുരുഷനെപ്പോലെ സമ്പാദിക്കാനുള്ള അവകാശം ഖുര്‍ആന്‍ സ്ത്രീക്ക് നല്‍കുന്നു. സ്വന്തമായി ഉണ്ടാക്കിയതോ അനന്തരമായി ലഭിച്ചതോ ആയ സമ്പാദ്യങ്ങളെല്ലാം അവളുടേത് മാത്രമാണ് എന്നാണ് ഖുര്‍ആനിന്റെ കാഴ്ചപ്പാട്.സ്ത്രീക്ക് സ്വന്തം പേരിൽ സ്വത്ത് സമ്പാദിക്കുവാൻ 1870 നു ശേഷം മാത്രമാണ് യൂറോപ്പിൽ നിയമപരമായ അനുമതി ലഭിച്ചതെന്ന ചരിത്രം ഇതോട് ചേർത്ത് വായിക്കേണ്ടതാണ്. സ്ത്രീയുടെ സമ്പാദ്യത്തില്‍നിന്ന് അവളുടെ സമ്മതമില്ലാതെ യാതൊന്നും എടുക്കുവാന്‍ ഭര്‍ത്താവിന് പോലും അവകാശമില്ലെന്നാണ് ഇസ്‌ലാമിക നിയമം. .”പുരുഷന്മാര്‍ക്ക് അവര്‍ സമ്പാദിച്ചതിന്റെ വിഹിതവും സ്ത്രീകള്‍ക്ക് അവര്‍ സമ്പാദിച്ചതിന്റെ വിഹിതവുമുണ്ട് (ഖുര്‍ആന്‍ 4:32).

3. അനന്തരാവകാശം: മാതാപിതാക്കളുടെ സ്വത്തില്‍ പുത്രിമാര്‍ക്കും ഓഹരിയുണ്ടെന്നാണ് ഖുര്‍ആനിന്റെ അധ്യാപനം. മറ്റൊരു മതഗ്രന്ഥവും സ്ത്രീക്ക് അനന്തരസ്വത്തില്‍ അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുന്നില്ലെന്നതാണ് വാസ്തവം. പരിഷ്‌കൃതമെന്നറിയപ്പെടുന്ന യൂറോപ്പില്‍ പോലും വനിതകള്‍ക്ക് അനന്തരസ്വത്തില്‍ അവകാശമുണ്ടെന്ന നിയമം കൊണ്ടുവന്നത് ഏതാനും പതിറ്റാണ്ടുകള്‍ക്കു മുമ്പാണ്. ഖുര്‍ആനാകട്ടെ,പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ സ്ത്രീകള്‍ക്ക് അനന്തരസ്വത്തില്‍ അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും അത് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ”മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്” (ഖുര്‍ആന്‍ 4:7).

4. ഇണയെ തീരുമാനിക്കുവാനുള്ള അവകാശം: വിവാഹാലോചനാവേളയില്‍ സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കപ്പെടണമെന്നാണ് ഇസ്‌ലാമിന്റെ ശാസന. ഒരു സ്ത്രീയെ അവള്‍ക്കിഷ്ടമില്ലാത്ത ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുവാന്‍ ആര്‍ക്കും അവകാശമില്ല; സ്വന്തം പിതാവിനുപോലും. മുഹമ്മദ് നബി(ﷺ) പറഞ്ഞു: ”വിധവയോട് അനുവാദം ചോദിക്കാതെ അവളെ വിവാഹം ചെയ്തുകൊടുക്കരുത്. കന്യകയോട് സമ്മതമാവശ്യപ്പെടാതെ അവളെയും കല്യാണം കഴിച്ചുകൊടുക്കാന്‍ പാടില്ല. മൗനമാണ് കന്യകയുടെ സമ്മതം” (ബുഖാരി, മുസ്‌ലിം).

5. പഠിക്കുവാനും ചിന്തിക്കുവാനുമുള്ള അവകാശം: സ്ത്രീകള്‍ക്ക് പഠിക്കുവാനും ചിന്തിക്കുവാനും അവകാശമുണ്ടെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ഇത് കേവലം ഉപദേശങ്ങളിലൊതുക്കുകയല്ല, പ്രായോഗികമായി കാണിച്ചുതരികയാണ് പ്രവാചകന്‍ (ﷺ)ചെയ്തത്. പ്രവാചകാനുചരകളായ വനിതകള്‍ വിജ്ഞാന സമ്പാദനത്തില്‍ പ്രകടിപ്പിച്ചിരുന്ന ശുഷ്‌കാന്തി സുവിദിതമാണ്. പ്രവാചകന്റെയും പത്‌നിമാരുടെയും അടുക്കല്‍ വിജ്ഞാന സമ്പാദനത്തിനായി വനിതകള്‍ സദാ എത്താറുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ കാണാനാവും. അവരുമായി വിജ്ഞാന വിനിമയം നടത്താനായി പ്രവാചകന്‍ (ﷺ) ഒരു ദിവസം നീക്കിവെച്ചിരുന്നുവെന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം.

6. വിമര്‍ശിക്കുവാനുള്ള അവകാശം: വിമര്‍ശിക്കുവാനും ചോദ്യം ചെയ്യുവാനുമുള്ള അവകാശം ഇസ്‌ലാം സ്ത്രീകള്‍ക്കു നല്‍കുന്നുണ്ട്. ജാഹിലിയ്യാ കാലത്ത് നിലനിന്നിരുന്ന‘ളിഹാർ‘ എന്ന സമ്പ്രദായത്തെക്കുറിച്ച് പ്രവാചകനോട് തര്‍ക്കിച്ച സ്വഹാബിവനിതയുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ് മുജാദിലഃ (തര്‍ക്കിക്കുന്നവള്‍) എന്ന അദ്ധ്യായത്തിലെ ആദ്യവചനങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. പ്രവാചകന്റെ മുമ്പില്‍ പോലും സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ക്ക് വേണ്ടി സംവദിക്കാനുളള അവകാശം അനുവദിക്കപ്പെട്ടിരുന്നുവെന്നാണല്ലോ ഇത് വ്യക്തമാക്കുന്നത്. ഈ സൂക്തത്തിലെവിടെയും സ്വഹാബി വനിതയുടെ തര്‍ക്കത്തെ വിമര്‍ശിച്ചിട്ടില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.

7. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അവകാശം: സാമൂഹ്യപ്രവർത്തനങ്ങളിൽ സംബന്ധിക്കുന്നത് സ്വാഭാവികമായും പുരുഷന്മാരാണെങ്കിലും സ്ത്രീകള്‍ക്കും അത്തരം കാര്യങ്ങളില്‍ പങ്കുവഹിക്കാന്‍ ഇസ്‌ലാം സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. വിശ്വാസ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തില്‍ നേരിട്ട് സംബന്ധിക്കുന്നതിന് ഇസ്‌ലാം സ്ത്രീകളെ നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍,യുദ്ധരംഗത്തും മറ്റും പട പൊരുതുന്നവര്‍ക്ക് സഹായികളായി വര്‍ത്തിക്കുവാന്‍ മുസ്‌ലിം വനിതകള്‍ രംഗത്തുണ്ടായിരുന്നു. പുരുഷന്മാരൊടൊപ്പം യുദ്ധത്തിന് പുറപ്പെടുകയും അവര്‍ക്ക് ഭക്ഷണം പാകം ചെയ്യുകയും പാനീയങ്ങള്‍ വിതരണം നടത്തുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്തിരുന്ന സ്വഹാബി വനിതകളെക്കുറിച്ച് ചരിത്രം നമുക്ക് വിവരിച്ചുതരുന്നുണ്ട്. സന്നിഗ്ധ ഘട്ടങ്ങളിൽ സമരമുഖത്തിറങ്ങാന്‍ വരെ സന്നദ്ധത കാണിച്ചിരുന്ന മഹിളാ രത്‌നങ്ങളുണ്ടായിട്ടുണ്ട്, ഇസ്‌ലാമിക ചരിത്രത്തില്‍. പ്രവാചക പത്‌നിയായിരുന്ന ആയിശ(റ)യായിരുന്നു ഖലീഫ ഉസ്മാന്റെ ഘാതകരെ ശിക്ഷിക്കാതെ അലി(റ)യെ ഖലീഫയായി തെരഞ്ഞെടുക്കരുതെന്ന അഭിപ്രായത്തില്‍നിന്ന് ഉരുണ്ടുകൂടിയ ജമല്‍ യുദ്ധത്തിന് നേതൃത്വം വഹിച്ചത്.

8. വിവാഹമൂല്യത്തിനുള്ള അവകാശം: വിവാഹം ചെയ്യപ്പെടുന്ന സ്ത്രീയുടെ അവകാശമാണ്‘മഹര്‍‘ ലഭിക്കുകയെന്നത്. തനിക്ക് ആവശ്യമുള്ള ‘മഹര്‍‘ തന്റെ കൈകാര്യകര്‍ത്താവ് മുഖേന ആവശ്യപ്പെടുവാന്‍ സ്ത്രീക്ക് അവകാശമുണ്ട്. ഈ വിവാഹമൂല്യം നല്‍കേണ്ടത് പുരുഷന്റെ ബാധ്യതയാണ്. നല്‍കപ്പെടുന്ന വിവാഹമൂല്യം സ്ത്രീയുടെ സമ്പത്തായാണ് പരിഗ ണിക്കപ്പെടുന്നത്. അവളുടെ സമ്മതമില്ലാതെ ആര്‍ക്കും അതില്‍നിന്നും ഒന്നും എടുക്കാനാവില്ല.”സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോടുകൂടി നിങ്ങള്‍ നല്‍കുക” (4:4) എന്നാണ് ഖുര്‍ആനിന്റെ കല്‍പന.

9. വിവാഹമോചനത്തിനുള്ള അവകാശം: ഭര്‍ത്താവിനോടൊപ്പം ജീവിക്കുവാന്‍ സാധ്യമല്ലാത്ത അവസ്ഥയില്‍ വിവാഹമോചനം നേടാന്‍ സ്ത്രീക്ക് അവകാശമുണ്ട്.‘ഖുല്‍അ്‘, ‘ഫസ്ഖ്‘ എന്നീ രണ്ട് സാങ്കേതിക ശബ്ദങ്ങളിലാണ് സ്ത്രീകളുടെ വിവാഹമോചനം വ്യവഹരിക്കപ്പെടുന്നത്. വിവാഹ മൂല്യം തിരിച്ചുനല്‍കിക്കൊണ്ടുള്ള മോചനമാണ് ഒന്നാമത്തേത്. തിരിച്ചു നല്‍കാതെയുള്ളതാണ് രണ്ടാമത്തേത്. ഏതായിരുന്നാലും താനിഷ്ടപ്പെടാത്ത ഒരു ഭര്‍ത്താവിനോടൊപ്പം പൊറുക്കാന്‍ ഇസ്‌ലാം സ്ത്രീയെ നിര്‍ബന്ധിക്കുന്നില്ല. അവള്‍ക്ക് അനിവാര്യമായ സാഹചര്യത്തില്‍ വിവാഹമോചനം നേടാവുന്നതാണ്.ഇങ്ങനെ എല്ലാ നിലയ്ക്കുമുള്ള പെണ്ണവകാശങ്ങളെ പരിഗണിക്കുകയും അവയെന്തൊക്കെയാണെന്ന് കൃത്യമായി പഠിപ്പിക്കുകയും അവ നൽകേണ്ടത് ബാധ്യതയാണെന്ന് നിഷ്കര്ഷിക്കുകയും ചെയ്യുന്ന ദർശനമാണ് ഇസ്‌ലാം; സ്ത്രീകളുടെ ഒരു അവകാശത്തോടും അത് പുറം തിരിഞ്ഞു നിൽക്കുന്നില്ല.

ഇങ്ങനെ എല്ലാ നിലയ്ക്കുമുള്ള പെണ്ണവകാശങ്ങളെ പരിഗണിക്കുകയും അവയെന്തൊക്കെയാണെന്ന് കൃത്യമായി പഠിപ്പിക്കുകയും അവ നൽകേണ്ടത് ബാധ്യതയാണെന്ന് നിഷ്കര്ഷിക്കുകയും ചെയ്യുന്ന ദർശനമാണ് ഇസ്‌ലാം; സ്ത്രീകളുടെ ഒരു അവകാശത്തോടും അത് പുറം തിരിഞ്ഞു നിൽക്കുന്നില്ല.