കെ എൻ എം പോഷക ഘടകമായ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു പോകുന്നതിൽ വലിയ സന്തോഷമുണ്ട്. പ്രവാസികൾക്ക് ഇസ്ലാമിന്റെ വെളിച്ചമെത്തിക്കുന്നതിൽ ഇസ്ലാഹി സെന്ററിന്റെ പങ്ക് നിസ്തുലമാണ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾ ക്കുമെതിരെ തൗഹീദി പ്രബോധനം കൂടുതൽ ശക്തിപ്പെടുത്തേണ്ട സാഹചര്യമാണ് സമൂഹത്തിൽ. ഖുർആൻ വിപ്ലവമാണ് റിയാദ് ഇൻഡ്യൻ ഇസ്ലാഹി സെന്ററിനെ വേറിട്ട് നിർത്തുന്നത്. ഇസ്ലാമിന്റെ മദ്ധ്യമ നിലപാടിൽ ഊന്നിയുള്ള പ്രബോധനപ്രവർത്തനങ്ങൾക്ക് വമ്പിച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സാമൂഹിക സേവനത്തിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിലും റിയാദ് ഇസ്ലാഹി സെന്റർ നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണ്.മാനവരാശിയുടെ മാർഗരേഖയായ അന്ത്യവേദത്തിന്റെ പഠനത്തിലും പ്രബോധനത്തിലും കൂടുതൽ ശ്രദ്ധ ചെലുത്തി ഒരേ മനസ്സോടെമുന്നോട്ടു പോകാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ പ്രവർത്തനങ്ങൾ എന്നും മാതൃകാപരമാണ്. ഖുർആൻ പഠന രംഗത്ത് ഇസ്ലാഹി സെന്റർ ചെയ്യുന്ന സേവനങ്ങൾ എന്നും ഓർമ്മിക്കപ്പെടും. അന്നം തേടി മരുഭൂമിയിലെത്തിയെ ലക്ഷക്കണക്കിന് വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇസ്ലാഹിന്റെ വെളിച്ചമെത്തിക്കാൻ സാധിച്ചത് ചെറിയ കാര്യമല്ല. ഈ രംഗത്ത് കൂടുതൽ കരുത്തോടെ മുന്നേറാൻ നാഥൻ തുണക്കട്ടെ.മതം മനസ്സിലാക്കിയ എല്ലാവരുടെയും ബാധ്യതയാണ് പ്രബോധനം. ഒരാൾക്ക് ഹിദായത്തിന്റെ വെളിച്ചമെത്തിക്കുന്നതിനെക്കാൾ വലിയ മറ്റൊരു പുണ്യപ്രവൃത്തി വേറെയില്ല. അല്ലാഹുവിന്റെ മാർഗത്തിൽ പ്രവർത്തിക്കുമ്പോൾ അവന്റെ അനുഗ്രഹം കൂടുതൽ ലഭിക്കും .മുഴുവൻ പ്രവാസികളിലേക്കും ദീനിന്റെ സന്ദേശമെത്തിക്കാൻ ഐക്യത്തോടെ മുന്നേറുക.
ഖുർആൻ പഠന-പ്രചാരണങ്ങൾക്കായുള്ള അനൗപചാരിക പദ്ധതികളിലൂടെ പ്രശസ്തമാണ് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ. പതിനായിരങ്ങളിലേക്ക് ദൈവവചനങ്ങളുടെ അർത്ഥവും ആഴവും പ്രസരിപ്പിക്കുവാൻ സെന്ററിന്റെ പദ്ധതികൾ വഴി കഴിഞ്ഞിട്ടുണ്ട്. റിയാദിലുള്ളവർക്ക് വേണ്ടി ഇസ്ലാഹി സെന്റർ ചെറിയ രീതിയിൽ തുടങ്ങിയ അത്തരം പദ്ധതികളിൽ പലതും വളരുകയും ലോകത്തിന്റെ വിവിധ വശങ്ങളിലായി ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികൾ ഗുണഭോക്താക്കളായി മാറിയ മഹാസംരംഭങ്ങളായിത്തീരുകയും ചെയ്തിട്ടുണ്ട്. മത്സരങ്ങളിലൂടെയും സമ്മാനങ്ങളിലൂടെയും ഖുർആൻ പഠനത്തിന് താല്പര്യമുണ്ടാക്കുകയും പ്രോത്സാഹപ്പിക്കുകയും ചെയ്യന്ന സെന്ററിന്റെ പ്രവർത്തനങ്ങൾ ശ്ളാഘനീയമാണ്. ഖുർആൻ പ്രചാരണത്തിന് വേണ്ടിയുള്ള റിയാദ് ഇന്ത്യൻ ഇസ്ലാഹീ സെന്ററിന്റെ പ്രവർത്തങ്ങളെ സൈബറിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനായുള്ളതാണ് സെന്ററിന്റെ പുതിയ വെബ്സൈറ്റ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്നവർക്ക് ഖുർആനിന്റെ വെളിച്ചം പകർന്ന് നൽകാൻ അതുവഴി കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. വെബ്സൈറ്റും പോർട്ടലുമെല്ലാം തുറക്കുന്നതിനേക്കാൾ പ്രധാനം അവയെ സജീവമായി നിലനിർത്തുകയാണ്. സാങ്കേതികജ്ഞാനമുള്ളവരും മതവിജ്ഞാനീയങ്ങളിൽ അവഗാഹമുള്ളവരും ഒരുമിക്കുമ്പോഴാണ് അതിന്ന് കഴിയുക. അത് ഭംഗിയായി നിർവ്വഹിക്കുവാൻ സാധിക്കുന്ന ശക്തമായ ബൗദ്ധികസമ്പത്തുള്ള കൂട്ടായ്മയാണ് റിയാദ് ഇസ്ലാഹി സെന്ററിന്റേത്. അതുകൊണ്ട് തന്നെ തുടങ്ങുന്ന വെബ്സൈറ്റിനെ വലിയ പ്രതീക്ഷയോടെയാണ് ഞാൻ നോക്കിക്കാണുന്നത്. ഖുർആൻ പഠനരംഗത്തും പ്രചാരണരംഗത്തും കൂടുതൽ മുന്നേറുവാൻ ഈ പുതിയ സംരംഭത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.
സൗദി മതകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ ബത്ഹ കോൾ ഗൈഡൻസ് സെന്ററിനു കീഴിൽ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക ദഅ്വ സംഘടനയാണ് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റര്.